റോം: ശ്വാസകോശത്തിന് ന്യുമോണിയ പിടിപ്പെട്ട് റോമിലെ ജെമേല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസീസ് പാപ്പായുടെ മാർച്ച് മാസത്തെ പ്രാർഥന നിയോഗം പ്രതിസന്ധിയിലായ കുടുംബങ്ങൾക്കു വേണ്ടി. നാമെല്ലാവരും മനോഹരവും പരിപൂർണ്ണവുമായ ഒരു കുടുംബത്തെക്കുറിച്ച് സ്വപ്നം കാണുന്നുവെങ്കിലും പൂർണ്ണതയുള്ള കുടുംബങ്ങൾ നിലവിലില്ലയെന്നും ഓരോ കുടുംബത്തിനും അതിൻറേതായ പ്രശ്നങ്ങളും അതുപോലെ തന്നെ വലിയ സന്തോഷങ്ങളുമുണ്ടെന്നും പാപ്പാ പറയുന്നു.
മുറിവേറ്റ ഒരു കുടുംബത്തിൻറെ വേദന മാറ്റാനുള്ള ഏറ്റവും നല്ല ഔഷധം ക്ഷമയാണെന്നും ക്ഷമിക്കുക എന്നതിനർത്ഥം മറ്റൊരു അവസരം നൽകുക എന്നാണെന്നും ദൈവം നമ്മോട് എപ്പോഴും അതു ചെയ്യുന്നുണ്ടെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു. ദൈവത്തിൻറെ ക്ഷമ അനന്തമാണെന്നും അവൻ നമ്മോട് പൊറുക്കുകയും നമ്മെ ഉയർത്തുകയും പുനരാരംഭിക്കാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നുവെന്നും ക്ഷമ എപ്പോഴും കുടുംബത്തെ നവീകരിക്കുകയും പ്രതീക്ഷയോടെ മുന്നോട്ട് നോക്കാൻ അതിനെ അനുവദിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ പറയുന്നു.