വത്തിക്കാൻ: കടുത്ത ന്യൂമോണിയ ബാധിതനായി ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യ സ്ഥിതി സങ്കീര്‍ണ്ണമായ പശ്ചാത്തലത്തില്‍ ഫ്രാന്‍സിസ് പാപ്പയ്ക്കു വേണ്ടി പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി വിവിധ രാജ്യങ്ങളിലെ മെത്രാന്മാര്‍. ഇന്നലെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നടത്തിയ സി.ടി സ്കാൻ ഉൾപ്പെടെയുള്ള പരിശോധനകളില്‍ ഫ്രാൻസിസ് പാപ്പയ്ക്ക് കടുത്ത ന്യൂമോണിയ ബാധിച്ചതായും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി അല്പം സങ്കീർണ്ണമായ അവസ്ഥയിലാണെന്നും വത്തിക്കാന്‍. നാല് ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയിൽ കഴിയുകയാണ് പാപ്പ.
വരും ദിവസങ്ങളിൽ നടക്കുന്ന വിശുദ്ധ കുർബാന അര്‍പ്പണങ്ങളില്‍ പരിശുദ്ധ പിതാവിന്റെ ആരോഗ്യത്തിനായി പ്രത്യേക പ്രാര്‍ത്ഥന നടത്തുവാന്‍ വലൻസിയയിലെ ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ എൻറിക് ബെനവെൻ്റ് വൈദികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഫ്രാൻസിസ് മാർപാപ്പയുടെ രോഗമുക്തിയ്ക്കു വേണ്ടി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ചിലിയിലെ സാൻ്റിയാഗോ ഡി ആർച്ച് ബിഷപ്പ്, കർദ്ദിനാൾ ഫെർണാണ്ടോ ചോമാലി ആഹ്വാനം ചെയ്തു. മാര്‍പാപ്പയുടെ ആരോഗ്യത്തിനായി ഗ്വാഡലൂപ്പിലെ കന്യകയുടെ മാധ്യസ്ഥം തേടി പ്രാർത്ഥനകൾ ഉയർത്താമെന്ന് മെക്സിക്കൻ ബിഷപ്പുമാർ അവരുടെ എക്‌സ് അക്കൗണ്ടിൽ കുറിച്ചു. തിരുസഭയെ നയിക്കാൻ അദ്ദേഹത്തിന് ശക്തി ലഭിക്കാന്‍ നമുക്ക് അപേക്ഷിക്കാമെന്നും മെക്സിക്കൻ ബിഷപ്പുമാർ കുറിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെഡി വാന്‍സ് എക്സിൽ കുറിച്ചു.