ലിവര്‍പൂള്‍: റോയല്‍ ബ്രിട്ടീഷ് നാവികസേനയില്‍ സേവനം ചെയ്യവേ വെടിയേറ്റ് ശരീരം തളര്‍ന്നുപോയ ജോണ്‍ (ജാക്ക്) ട്രെയ്നറിന് ലൂര്‍ദ്ദ് മാതാവിന്റെ മാധ്യസ്ഥത്താല്‍ ലഭിച്ച അത്ഭുത രോഗസൗഖ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലിവര്‍പൂള്‍ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മക്മേഹനാണ് അത്ഭുതം സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 1923-ല്‍ ലിവര്‍പൂള്‍ അതിരൂപത ലൂര്‍ദ്ദിലേക്ക് നടത്തിയ ആദ്യ ഔദ്യോഗിക തീര്‍ത്ഥാടനത്തില്‍ അപസ്മാരവും, തളര്‍വാതവും ബാധിച്ച ജോണ്‍ ജാക്ക് ട്രെയ്നര്‍ പങ്കെടുത്തിരിന്നു. ഈ തീര്‍ത്ഥാടനത്തിനിടയിലാണ് അത്ഭുതകരമായ രോഗശാന്തി ലഭിച്ചത്.
അതിരൂപതയിലെ മുഴുവന്‍ വിശ്വാസികളും അത്ഭുതം തന്നെയാണെന്ന് ഏറ്റുപറഞ്ഞപ്പോഴും വിഷയത്തില്‍ രൂപത ഔദ്യോഗികമായി പ്രതികരിച്ചിരിന്നില്ല. സഭയുടെ നിയമങ്ങള്‍ക്ക് അനുസൃതമായി വിശദമായ പഠനത്തിന് ഒടുവിലാണ് അത്ഭുതങ്ങളെ ഔദ്യോഗികമായി അംഗീകരിക്കുന്നത്. 2023-ല്‍ ലിവര്‍പൂള്‍ അതിരൂപത ലൂര്‍ദ്ദിലേക്ക് നടത്തിയ ശതാബ്ദി തീര്‍ത്ഥാടനത്തില്‍വെച്ച് ലൂര്‍ദ്ദിലെ മെഡിക്കല്‍ നിരീക്ഷക കാര്യാലയത്തിന്റെ (ബി.ഡി.സി.എം) നിലവിലെ പ്രസിഡന്റായ ഡോ. അലെസ്സാന്‍ഡ്രോ ഡെ ഫ്രാന്‍സിസ്, ലൂര്‍ദ്ദിലെ ഇന്റര്‍നാഷണല്‍ മെഡിക്കല്‍ കമ്മിറ്റിയിലെ ഇംഗ്ലീഷ് മെംബറായ ഡോ. കിയരന്‍ മോറിയാര്‍ട്ടിയോട് ലൂര്‍ദ്ദിലെ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്ന ട്രെയ്നറുടെ ഫയല്‍ അവലോകനം ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചിരിന്നു.
അതിന്റെയടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട രേഖകൾ ലൂര്‍ദ്ദ് രൂപതാ മെത്രാന്‍ മോണ്‍. ജീന്‍-മാര്‍ക്ക് മിക്കാസ് വഴി ലിവര്‍പൂള്‍ അതിരൂപതയ്ക്കു അയയ്ക്കുകയായിരിന്നു. ട്രെയ്നറുടേത് ഒരു അത്ഭുതരോഗശാന്തിയാണെന്ന് വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ അതില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന്‍ ഡോ. മോറിയാര്‍ട്ടിയേയും, ഡോ. ഫ്രാന്‍സിസിനേയും സാക്ഷികളാക്കിക്കൊണ്ട് ലിവര്‍പ്പൂള്‍ മെത്രാപ്പോലീത്ത കാനോനിക്കല്‍ കമ്മീഷന്‍ രൂപീകരിച്ചു. ഇതിന്റെ പഠനഫലങ്ങളുടെ അന്തിമഘട്ടമായാണ് അത്ഭുതസൗഖ്യത്തിന് ഔദ്യോഗിക അംഗീകാരം നല്‍കിയിരിക്കുന്നത്.
ജൂബിലി വര്‍ഷത്തിന്റെ ആഘോഷത്തോടനുബന്ധിച്ച് 2025 ഫെബ്രുവരിയില്‍ ക്രൈസ്റ്റ് ദി കിംഗ് മെട്രോപ്പോളിറ്റന്‍ കത്തീഡ്രലില്‍വെച്ച് അതിരൂപതയുടെ ചരിത്രത്തിലെ ഈ സുപ്രധാന നിമിഷം ആഘോഷിക്കുമെന്നും മെത്രാപ്പോലീത്ത അറിയിച്ചിട്ടുണ്ട്.