ന്യൂയോര്‍ക്ക്: 2024 അവസാനിക്കുവാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, ലോകത്തെ ഈ വര്‍ഷത്തെ ഏറ്റവും ജനപ്രിയ ബൈബിള്‍ വാക്യമായി തെരെഞ്ഞെടുക്കപ്പെട്ടത് വിശുദ്ധ പൗലോസ് ശ്ലീഹാ ഫിലിപ്പിയര്‍ക്കു എഴുതിയ ലേഖനത്തിലെ നാലാം അധ്യായം, ആറാം വാക്യം. “ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാസ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍” എന്ന വചനമാണ് 2024-ല്‍ ലോകമെമ്പാടും ഏറ്റവുമധികം വായിക്കപ്പെട്ടതും, പങ്കുവെയ്ക്കപ്പെട്ടതുമെന്ന് പ്രമുഖ ബൈബിള്‍ ആപ്ലിക്കേഷനായ യൂവേര്‍ഷന്‍ വെളിപ്പെടുത്തി.
കഴിഞ്ഞ മൂന്നു വര്‍ഷമായി ജനപ്രിയ ബൈബിള്‍ വാക്യമായി തെരഞ്ഞെടുത്തത് ഏശയ്യാ 41:10- “ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും” എന്ന വചനമായിരിന്നു. നമ്മുടെ സമൂഹം പ്രാർത്ഥനയിൽ ദൈവത്തെ അന്വേഷിക്കുകയും ഭാരങ്ങളില്‍ അവനില്‍ പ്രത്യാശ കണ്ടെത്തുന്നുവെന്നതിന്റെ ഉദാഹരണമാണ് ഇത്തവണ ഫിലിപ്പി 4:6 തെരഞ്ഞെടുക്കുവാന്‍ കാരണമെന്ന് യൂവേർഷൻ സ്ഥാപകനും സിഇഒയുമായ ബോബി ഗ്രുനെവാൾഡ് പറഞ്ഞു.
ബൈബിള്‍ ആപ്ലിക്കേഷനില്‍ ഏറ്റവും കൂടുതൽ തിരഞ്ഞ പദങ്ങളുടെ പട്ടികയിൽ “പ്രാർത്ഥന”, “സമാധാനം” എന്നിവ മുന്‍ നിരയില്‍ ഉണ്ടെന്നും ആപ്പിലെ പ്രാർത്ഥന ഫീച്ചർ ഉപയോഗിച്ച് ഇടപഴകുന്നതിൽ 46 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായും യൂവേര്‍ഷന്‍ വെളിപ്പെടുത്തി. മധ്യ കിഴക്കൻ ആഫ്രിക്കയില്‍ ബൈബിൾ ഉപയോഗത്തില്‍ ഏറ്റവും വലിയ കുതിച്ചുചാട്ടമാണ് കണ്ടതെന്നും കമ്പനി വ്യക്തമാക്കി. ലോകമെമ്പാടുമുള്ള 875 ദശലക്ഷത്തിലധികം ഡിവൈസുകളിലാണ് YouVersion ബൈബിള്‍ ആപ്ലിക്കേഷന്‍ ഡൗൺലോഡ് ചെയ്തു ഉപയോഗിക്കുന്നത്.