പാരീസ്: ഫ്രാന്‍സിലെ ചരിത്രപ്രസിദ്ധമായ നോട്രഡാം കത്തീഡ്രലില്‍ അഞ്ചു വര്‍ഷത്തിനു ശേഷം ആദ്യമായി മണികള്‍ മുഴങ്ങി. 2019 ഏപ്രിലിലുണ്ടായ തീപിടിത്തത്തിനുശേഷം ഇതാദ്യമായാണ് ഈ ഭീമന് മണികള്‍ മുഴങ്ങിയത്. കഴിഞ്ഞ ദിവസം രാവിലെ 10.30 നാണ് മണികള്‍ ഓരോന്നായി മുഴങ്ങിയത്. പിന്നീട് ഒരുമിച്ച് മുഴങ്ങുകയായിരുന്നു. ഡിസംബര്‍ എട്ടിന് കത്തീഡ്രലില്‍ വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കും.
ദേവാലയ പുനരുദ്ധാരണത്തിന് ഒരുക്കമായുള്ള ടെസ്റ്റിംഗ് ആണ് നടത്തിയതെന്നും ആദ്യ ടെസ്റ്റ് വിജയമായിരുന്നുവെന്നും മണികളുടെ പുനഃസ്ഥാപനത്തിന്റെ ചുമതലയുള്ള അലക്സാണ്ടര്‍ ഗൗജിന്‍ പറഞ്ഞു. മനോഹരവും പ്രധാനപ്പെട്ടതുമായ ചുവടുവെപ്പാണ് ഇതെന്ന് കത്തീഡ്രല്‍ പുനഃസ്ഥാപിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള പൊതു സ്ഥാപന മേധാവി ഫിലിപ്പ് ജോസ്റ്റ് പറഞ്ഞു. ‘ഗബ്രിയേല്‍’ എന്ന് വിളിക്കപ്പെടുന്ന ഏറ്റവും ഭാരമേറിയ മണിക്ക് നാല് ടണ്ണിലധികം ഭാരമുണ്ട്. ഏറ്റവും ഭാരം കുറഞ്ഞ മണി ‘ജീന്‍-മേരി’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതിന് 800 കിലോഗ്രാമാണ് ഭാരം.
2019 ഏപ്രില്‍ 15നാണ് ലോകത്തെയാകെ ഞെട്ടിച്ച് 850 വര്‍ഷങ്ങളുടെ പഴക്കമുള്ള നോട്രഡാം കത്തീഡ്രലില്‍ തീപിടിത്തമുണ്ടായത്. കത്തീഡ്രലിന്റെ മേല്‍ക്കൂരയും ഗോപുരവും തീപിടിത്തത്തില്‍ പൂര്‍ണമായി കത്തിനശിച്ചിരുന്നു. ദേവാലയം അഗ്നിക്കിരയായതിനെ തുടര്‍ന്ന് സങ്കടത്തിലായ ഫ്രഞ്ച് ജനതയുടെ ദുഃഖത്തില്‍ ഫ്രാന്‍സിസ് പാപ്പ അടക്കമുള്ള ലോക നേതാക്കള്‍ പങ്കുചേര്‍ന്നിരിന്നു.