കോവളം: വിവിധ കാരുണ്യപദ്ധതികൾ നടപ്പിലാക്കി ക്രിസ്തുരാജത്വ തിരുനാൾ ആഘോഷിക്കുന്ന ആഴാകുളം ഇടവകയിൽ തിരുനാളിന്റെ അഞ്ചാം ദിനത്തിൽ കടലോർമ്മ ദിനം ആചരിച്ചു. ഓഖി ദുരന്തത്തിലും, മുതലപ്പൊഴി അപകടങ്ങളിലും, കടലപകടങ്ങളിലും മരണമടഞ്ഞ സഹോരങ്ങളെ സ്മരിക്കുകയും അവരുടെ ആത്മാശന്തിക്കായി പ്രത്യേകം പ്രാർഥനകൾ നടന്നു. ദിവ്യബലി മധ്യേ വിശ്വാസികൾ തിരികൾ തെളിച്ചുകൊണ്ടാണ് കടലപകടങ്ങളിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചിത്.
കടലോർമ്മ ദിനത്തിൽ ഭവന സഹായ പദ്ധതിക്കും ഇടവകയിൽ തുടക്കംകുറിച്ചു. ഇടവകയിലെ കെസിവൈ എം പ്രവർത്തകർ പാഴ് വസ്തുക്കൾ ശേഖരിച്ച് വിറ്റ്കിട്ടിയതിൽ നിന്നും ലഭിച്ച പതിനായിരം രൂപ ഇടവക വികാരി ഫാ. യൂജിൻ ബ്രിട്ടോയ്ക്ക് കൈമാറിക്കൊണ്ടാണ് പദ്ധതിക്ക് ആരംഭംക്കുറിച്ചത്. തുടർന്ന് ഈ ആവശ്യത്തിനായി ദൈവാലയത്തിൽ ഒരു കാരുണ്യപ്പെട്ടി സ്ഥാപിച്ചു. ഇതിൽ ലഭിക്കുന്ന തുകയും ഭവന സഹായ പദ്ധതിക്ക് ഉപയോഗിക്കും. ഇതേ മാതൃകയിൽ ദമ്പതി ദിനത്തിൽ താലി എന്നപേരിൽ വിവാഹ സഹായ പദ്ധതിക്കും തുടക്കം കുറിച്ചിരുന്നു.
തിരുനാളുകൾ വെറും ആഘോഷമാക്കാതെ ജീവിതത്തിൽ തളർന്നുപോയവരെ ചേർത്ത് പിടിക്കുന്ന, കരുണയുടെ സുഗന്ധം പരത്തുന്ന ദിനങ്ങളാക്കി മാറ്റുന്നതിൽ ഇടവക സമൂഹത്തിൽ നിന്നും വളരേയേറെ പിന്തുണയാണ് ലഭിക്കുന്നത്. ദിവ്യബലിയർപ്പണത്തിന് കടന്നു വരുന്ന വൈദീകരുടെ പ്രോത്സാഹനവും മാതൃകാപരമായ തിരുനാളാഘോഷത്തിന് കൂടുതൽ പ്രചോദനമേകുന്നു.