പരിശുദ്ധ കന്യകാ മറിയത്തിന്റെ മാതാപിതാക്കളും യേശുവിന്റെ മുത്തശ്ശി മുത്തശ്ശനുമായ വി. യൊവാക്കീം-അന്ന യുടെ തിരുനാളിനോടനുബന്ധിച്ച് കുടുംബവർഷത്തിൽ ഫ്രാൻസിസ്സ് പാപ്പ ആഹ്വാനം ചെയ്ത പ്രഥമ മുത്തശ്ശി മുത്തശ്ശന്മാരുടെ ദിനം ജൂലൈ 25 ഞായറാഴ്ച അതിരൂപതയിൽ ആചരിച്ചു. ദൈവാലയങ്ങളിൽ മുത്തശ്ശി മുത്തശ്ശന്മാർക്കായി ദിവ്യബലിയർപ്പിക്കുകയും പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും ചെയ്തു. ചില ഇടവകകൾ ദിവ്യബലി മധ്യേ മുത്തശ്ശി മുത്തശ്ശന്മാരെ ആദരിച്ചു.
കുടുംബശുശ്രൂഷയുടെ നിർദ്ദേശാനുസരണം കുടുംബങ്ങളിലും മുത്തശ്ശി മുത്തശ്ശന്മാരുടെ ദിനം ആഘോഷിച്ചു. മുത്തശ്ശി മുത്തശ്ശന്മാരോടൊപ്പം കുടുംബാംഗങ്ങൾ ഒത്തൊരുമിക്കുകയും, പ്രാർത്ഥിച്ചും, ഭക്ഷിച്ചും, മധുരം വിതരണം ചെയ്തും, കൊച്ച് മക്കൾ സമ്മാനങ്ങൾ കൈമാറിയും അനുഗൃഹങ്ങൾ സ്വീകരിച്ചും സമുചിതമായി ദിനാചരണം നടത്തി.
ദിനാചരണത്തോടനുബന്ധിച്ച് കുടുംബങ്ങൾക്കായി കുടുംബശുശ്രൂഷയും മീഡിയ കമ്മിഷനും സംയുക്തമായി “ചിത്രങ്ങളയക്കൂ… സമ്മാനം നേടൂ…” മത്സരം നടത്തി. കുടുംബങ്ങളിൽ മുത്തശ്ശി മുത്തശ്ശന്മാരുടെ ദിനം ആഘോഷിച്ചതിന്റെ ചിത്രങ്ങൾ അയച്ച് നൂറിലധികം കുടുംബങ്ങൾ മത്സരത്തിൽ പങ്കെടുത്തു. ഒന്നാം സമ്മാനം 1000 രൂപയും രണ്ടാം സമ്മാനം 750 രൂപയും മൂന്നാം സമ്മാനം 500 രൂപയും 250 രൂപ വീതം 5 പ്രോത്സാഹന സമ്മാനങ്ങളും മത്സരത്തിൽ പങ്കെടുത്തവർക്ക് ലഭിക്കും. സമ്മാനർഹരായവർക്ക് കുടുംബശുശ്രൂഷ ആനിമേറ്ററും ഇടവക വികാരിയും കുടുംബസന്ദർശനം നടത്തി സമ്മാനം കൈമാറും. മത്സരത്തിൽ പങ്കെടുത്തവർക്കും വിജയിച്ചവർക്കും ഡയറക്ടർ. ഫാ. എ ആർ ജോൺ, അസ്സി. ഡയറക്ടർ ഫാ. ജെനിസ്റ്റൻ, മീഡീയ കമ്മിഷൻ സെക്രട്ടറി, ഫാ. ദീപക് ആന്റോ എന്നിവർ നന്ദിയും ആശംസകളും നേർന്നു.
ചിത്രങ്ങളയക്കൂ… സമ്മാനം നേടൂ… മത്സര വിജയികൾ.
ഒന്നാം സമ്മാനം ഞാണ്ടൂർക്കോണം ഇടവകയിലെ ശ്രീമതി റോസമ്മ അയച്ച ഫോട്ടോയ്ക്കും, രണ്ടാം സമ്മാനം കുശവർക്കൽ ഇടവകയിലെ ജേക്കബ് അയച്ച ഫോട്ടോയ്ക്കും, മൂന്നാം സമ്മാനം കാരയ്ക്കാമണ്ടപം ഇടവകയിലെ ശ്രീ. അലക്സ് അയച്ച ചിത്രത്തിനും ലഭിച്ചു. പ്രോത്സാഹന സമ്മാനങ്ങൾ ലഭിച്ചത് : 1) കാർമ്മലി (മണക്കാട് ഇടവക), 2) ധന്യ ഷൈജു (പരുത്തിയൂർ ഇടവക), 3) വിൽ ഫ്രഡ് (മണക്കാട് ഇടവക), 4) ജിൻസി (പുന്നയ്ക്കാമുഗൾ ഇടവക), 5) നോബിൾ നോബർട്ട് (വവ്വാമൂല ഇടവക).