തിരുവനന്തപുരം: വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ ജീവിതത്തെ ആധാരമാക്കി ഷെയ്സൺ പി. ഔസേഫ് സംവിധാനം ചെയ്ത “ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ സിനിമയ്ക്കു മികച്ച പ്രതികരണം. കേരളത്തിലെ 35 തിയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്. നിറഞ്ഞ സദസ്സിലാണ് മിക്കയിടങ്ങളിലും പ്രദര്‍ശനം നടന്നത്. നിറഞ്ഞ കണ്ണുകളുമായി ചിത്രം കാണുന്ന പ്രേക്ഷകർ ചിത്രം അവസാനിക്കുമ്പോൾ നിറഞ്ഞ കയ്യടികളോടെ തിയേറ്റർ വിടുന്ന കാഴ്ച എല്ലായിടത്തും കാണാനായി. റാണി മരിയയായി അഭിനയിച്ച വിൻസി അലോഷ്യസ് ഉള്‍പ്പെടെ എല്ലാവരും മികച്ച പ്രകടനമാണു കാഴ്ചവച്ചതെന്ന് സിനിമ കണ്ടിറങ്ങിയവർ പ്രതികരിച്ചു.
അതേസമയം സിനിമ കേരളത്തിൽ കൂടുതല്‍ തീയേറ്ററുകളിലേക്ക് പ്രദര്‍ശനത്തിന് എത്തിക്കുന്നു. സിനിമ തിയേറ്ററുകളിലെത്തും മുമ്പേ മുപ്പതോളം പുരസ്കാരങ്ങൾ തേടിയെത്തി. മികച്ച നടി, മികച്ച സംവിധായകൻ എന്നിവയുൾപ്പെടെ, ദേശീയ, അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളിലാണ് പുരസ്കാരങ്ങൾ സ്വന്തമാക്കിയത്. കുടുംബസമേതവും, ഇടവക സമൂഹങ്ങളും, സ്കൂളുകൾ, കോൺവന്റുകൾ, വിവിധ സംഘടനകളിൽ നിന്നുമൊക്കെ കൂട്ടമായാണ് ആളുകൾ തിയേറ്ററുകളിലെത്തുന്നത്.