തിരുവനന്തപുരം സെന്റ് ആൻഡ്രൂസ് ജ്യോതിനിലയം സ്കൂൾ അൻപത് വർഷത്തിന്റെ സുവർണ്ണ നിറവിൽ.സെന്റ് ആൻഡ്രൂസിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിനു അൻപത് വർഷത്തെ കളിചിരികളുടെയും പരീക്ഷാ ചൂടുകളുടെയും വിജയ ഗാഥയുടേയുമൊക്കെ കഥ പറയാനുണ്ട്. ഇരുപത് വർഷം മുൻപ് 2002–2003 അധ്യയന വർഷത്തിലാണ് സ്കൂൾ ഹയർ സെക്കൻഡറി തലത്തിലേക്ക് ഉയർത്തപ്പെട്ടത്.കേരള സർക്കാർ അംഗീകരിച്ച കേരള സിലബസാണ് ഈ സ്കൂൾ പിന്തുടരുന്നത്. 2010-ൽ ഇതേ കാമ്പസിൽ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) അഫിലിയേറ്റ് ചെയ്ത ഒരു പ്രത്യേക വിഭാഗവും ആരംഭിച്ചിരുന്നു.
സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം കേരള സർവ്വകലാശാല പ്രൊഫസറും നിരൂപകനുമായ ഡോ. എ. എം.ഉണ്ണികൃഷ്ണൻ നിർവഹിച്ചു.പി. ടി. എ. പ്രസിഡന്റ് സുനിൽ ജോൺ അധ്യക്ഷനായ പരിപാടിയിൽ പ്രിൻസിപ്പൽ സിസ്റ്റർ അർച്ചന പോൾ, ഡി. എൽ. ദീപ, മുൻ പ്രിൻസിപ്പൽമാരായ സിസ്റ്റർ കാർമലീത്ത, സിസ്റ്റർ ഡി. ഗ്രീറ്റ തട്ടിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ജ്യോതിനിലയം അലുമ്നി അസോസിയേഷന്റെ നേതൃത്വത്തിൽ രണ്ടു ദിവസം നീണ്ട പൂർവ്വ വിദ്യാർത്ഥി സംഗമവും സംഘടിപ്പിച്ചു.