ഈശോസഭാ വൈദികനും ആദിവാസികൾക്കിടയിലെ മനുഷ്യാവകാശ പ്രവർത്തകനുമായിരുന്നു സ്റ്റാൻ സ്വാമി എന്നറിയപ്പെടുന്ന ഫാദർ സ്റ്റാൻ ലൂർദുസ്വാമി. 1937 ഏപ്രിൽ 26 ന് തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് ജനിച്ചത്. ട്രിച്ചിയിലെ സെന്റ് ജോസഫ്സ് സ്കൂളിൽ ചേർന്ന അദ്ദേഹം അവിടെ ജെസ്യൂട്ട് വൈദികരുടെ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അവിഭക്ത ബീഹാറിലെ ജെസ്യൂട്ട് പ്രോവിൻസിൽ ചേരാൻ തീരുമാനിച്ചു. 1957 മെയ് മാസത്തിൽ, തന്റെ വൈദികപഠനം ആരംഭിക്കുകയും ദരിദ്രരുടെയും അധസ്ഥിതർക്കുമിടയിൽ പ്രവർത്തിക്കുക എന്ന തന്റെ ലക്ഷ്യത്തിനായി സ്വയം സമർപ്പിക്കുകയും ചെയ്തു.
1970 കളിൽ അദ്ദേഹം ഫിലിപ്പൈൻസിൽനിന്നും സോഷ്യോളജിയിലും ദൈവശാസ്ത്രത്തിലും ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. 1971 ൽ ജെസ്യൂട്ട് ജംഷദ്‌പൂർ പ്രവിശ്യയിലേക്ക് മടങ്ങിയെത്തിയ സ്വാമി ഈ പ്രദേശത്തെ കത്തോലിക്കാ റിലീഫ് സർവീസസിന്റെ ഡയറക്ടറായി. 1975 മുതൽ 1986 വരെ ബാംഗ്ലൂരിൽ ഈശോസഭ നടത്തുന്ന ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായും അദ്ദേഹം സേവനം ചെയ്തു.
ആകാലഘട്ടത്തിൽ ആണ് ഫാദർ സ്റ്റാൻ സ്വാമി ഭരണകൂടത്തിന്റെ നീതിനിഷേധത്തിനെതിരെയുള്ള തന്റെ തുറന്ന പോരാട്ടം ആരംഭിക്കുന്നത്. ഒരു കർഷക പിതാവിന്റെയും വീട്ടമ്മയുടെയും മകനായി ജനിച്ച സ്റ്റാൻ സ്വാമിക്ക് ഏറ്റവും താഴക്കിടയിലെ ഗോത്രവർഗ്ഗക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതിനും അതിലിടപെടുന്നതിനും മുൻപ് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നിട്ടില്ല. ആദിവാസി സമുദായത്തിൻറെ സംരക്ഷണത്തിനായി നിലനിൽക്കുന്ന ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂൾ നടപ്പാക്കാത്തതിനെയും അദ്ദേഹം ശക്തിയോടെ എതിർത്തിരുന്നു.
എന്തുകൊണ്ട് ജയിലിൽ?
2018 ഒക്ടോബർ 8 നാണ് സ്വാമിയെ അറസ്റ്റുചെയ്തത്. 2018 ലെ ഭീമ കൊറെഗാവ്(Bhima Koregaon) അക്രമത്തിലും മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുള്ള ബന്ധത്തിന്റെ പേരിലും നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അദ്ദേഹത്തിനെതിരെ കുറ്റപത്രം നൽകി. എൽഗർ പരിഷത്ത് കേസിലെ പതിനാറാമത്തെ അറസ്റ്റായിട്ടാണ് റാഞ്ചിലെ വീട്ടിൽ നിന്നും സ്റ്റാൻ സ്വാമിയെ കസ്റ്റഡിയിലെടുത്തത്. ഇന്ത്യയിൽ ഭീകരത ആരോപിക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഇദ്ദേഹമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. അറസ്റ്റിന് രണ്ട് ദിവസം മുമ്പ് പ്രചരിച്ച ഒരു വീഡിയോയിൽ, സർക്കാർ നയങ്ങൾക്കെതിരായ വിയോജിപ്പുള്ളതിനാൽ അറസ്റ്റിനെ തന്റെ ജോലിയുമായി ബന്ധിപ്പിക്കണമെന്ന് സ്വാമി നിർദ്ദേശിച്ചിരുന്നു.
1818 ജനുവരി 1 ന് മറാത്താ പ്രദേശത്തെ പെഷ്വാ ജനവിഭാഗവും ബ്രിട്ടീഷ് സൈന്യവും തമ്മിൽ നടന്നടന് ഭീമ കൊരെഗാവ് യുദ്ധത്തിന്റെ 200-ാം വാർഷികത്തിന്റെ സ്മരണയ്ക്കായി പതിനായിരക്കണക്കിന് ദലിതർ 2018 ജനുവരി 1ന് പൂനെക്ക് സമീപം തടിച്ചുകൂടിയിരുന്നു. തങ്ങളുടെ അഭിമാനത്തിന്റെ പ്രതീകമായി ദലിതർ കരുതുന്ന ‘ജയ് സ്റ്റാം’ സ്മാരകത്തിൽ ലക്ഷങ്ങൾ ആദരാഞ്ജലി അർപ്പിച്ചു, വാർഷികാഘോഷങ്ങളിലതുവരെ ഒരു അനിഷ്ട സംഭവവും റിപ്പോർട്ട് ചെയ്തിട്ടില്ലയിരുന്നു എന്നാൽ 2018 ജനുവരി 1ന് നടന്ന കൂട്ടായ്മ അക്രമത്തിലവസാനിക്കുകയാണ് ചെയ്തത്. ജനക്കൂട്ടത്തിനിടയിലെ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ജനുവരി 2 നും, ജനുവരി 8 നുമായി രണ്ട് എഫ്. ഐ. ആറുകൾ ഫയൽ ചെയ്യപ്പെട്ടു. പോലീസിന്റെ അന്വേഷണപ്രകാരം 2017 ഡിസംബർ 31 ന് പൂനെയിലെ ശനിവാർ വാഡയിൽ എൽഗർ പരിഷത്ത് എന്ന പേരിൽ നടന്ന ഒരു സംഭവത്തെ തുടർന്നാണ് അക്രമം നടന്നതെന്ന് പോലീസ് ആരോപിക്കുന്നു. കൂടാതെ യുദ്ധത്തിന്റെ അനുസ്മരണ കൂട്ടായിമയുടെ മറവിൽ മാവോയിസ്റ്റ് പ്രവർത്തനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ആരോപിച്ചാണ് പൂനെ പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ തുടങ്ങിയത്.