ചെന്നൈ: മധുര അതിരൂപതയിലെ വൈദികനും ഹോളി റോസറി ഇടവക വികാരിയുമായ ഫാ. ലൂര്‍ദു ആനന്ദത്തെ (65) തമിഴ്നാട്ടിലെ ശിവഗംഗയിലെ മൂന്നാമത്തെ മെത്രാനായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു.1958 ഓഗസ്റ്റ് 15 ന് ശിവഗംഗ രൂപതയിലെ തിരുവരങ്ങത്താണ് ഫാ.ലൂര്‍ദു ആനന്ദം ജനിച്ചത്. മധുരയിലെ അരുള്‍ ആനന്ദര്‍ കോളജില്‍ ഫിലോസഫിയും തിരുച്ചിറപ്പള്ളിയിലെ സെന്റ് പോള്‍സ് സെമിനാരിയില്‍ ദൈവശാസ്ത്രവും പഠിച്ച ശേഷം, ആല്‍ബര്‍ട്ട് ലുഡ്വിഗ് യൂണിവേഴ്സിറ്റി ഓഫ് ഫ്രീബര്‍ഗില്‍ (ജര്‍മ്മനി) നിന്ന് സിസ്റ്റമാറ്റിക് തിയോളജിയില്‍ ഡോക്ടറേറ്റും നേടി. 1986 ഏപ്രില്‍ ആറിന് മധുര അതിരൂപതയില്‍ വൈദികനായി അഭിഷിക്തനായി.
മധുര ആര്‍ച്ച് ബിഷപിന്റെ സെക്രട്ടറി (1986-1989), കൊടൈക്കനാല്‍ സേക്രഡ് ഹാര്‍ട്ട് ഇടവക വികാരി (1995-1999), ചെന്നൈയിലെ സേക്രഡ് ഹാര്‍ട്ട് സെമിനാരിയിലെ ദൈവശാസ്ത്ര പ്രൊഫസര്‍ (1999-2004), ചെന്നൈയിലെ തമിഴ് കാത്തലിക് വീക്ക്‌ലിയായ നാം വാഴ്‌വിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് (2004-2011), മധുരയിലെ സെന്റ് പീറ്റേഴ്‌സ് സെമിനാരി റെക്ടര്‍ (2011-2014). 2014 മുതല്‍ ഇതുവരെ ഹോളി റോസറി ഇടവക വികാരി, മധുര സൗത്ത് വികാരിയേറ്റ് വികാരി ഫൊറോന, പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍, അതിരൂപത കമ്മീഷനുകളുടെ കോ- ഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1987 ജൂലൈ മൂന്നിന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ മധുര അതിരൂപതയില്‍ നിന്ന് വിഭജിച്ച് ശിവഗംഗ രൂപത സ്ഥാപിച്ചു. രൂപതയുടെ പ്രദേശത്ത് രാമനാഥപുരം, ശിവഗംഗ എന്നീ രണ്ട് ജില്ലകള്‍ ഉള്‍പ്പെടുന്നു. മധുര ജില്ലയുടെ അതിര്‍ത്തി മുതല്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെ വ്യാപിച്ചുകിടക്കുന്ന ശിവഗംഗ രൂപതക്ക് കിഴക്കും തെക്ക് കിഴക്കുമായി 265 കിലോമീറ്റര്‍ നീളമുണ്ട്.സെന്റ് ജോണ്‍.ഡി. ബ്രിട്ടോ 1693ല്‍ യൂറോപ്പില്‍ നിന്ന് ഒരു മിഷനറിയായി ഈ പ്രദേശത്തേക്ക് വരികയും ആയിരക്കണക്കിന് ആളുകളുടെ വിശ്വാസത്തിന്റെ അടിത്തറയായി ഈ സ്ഥലം മാറുകയുമായിരുന്നു. 1693 ഫെബ്രുവരി നാലിന് ഒറിയൂരില്‍ വച്ച് അദേഹത്തെ കൊലപ്പെടുത്തി. എന്നാലിന്ന് ഇവിടുത്തെ കത്തോലിക്കാ ജനസംഖ്യ 1, 82,150 താണ്. 82 ഇടവകകളും 98 രൂപതാ വൈദികരും പ്രവര്‍ത്തിക്കുന്നു.