അടിമലത്തുറ സ്വദേശിയും തിരുവനന്തപുരം അതിരൂപതയിൽ പുരോഹിതനായും സേവനം അനുഷ്ഠിച്ചിരുന്ന ഫാ. ജോസഫ് ആർ ഡി സിൽവ (84) അമേരിക്കയിൽ നിര്യാതനായി. രായപ്പൻ-വറീത ദമ്പതികളുടെ മകനാണ്. 1967 മാർച്ച് 11നായിരുന്നു വൈദികപ്പട്ടം സ്വീകരിച്ചത്. നീണ്ട 56 വർഷത്തെ പൗരോഹിത്യ സേവനം സഭയ്ക്ക് സമർപ്പിച്ചാണ് അദ്ദേഹം നിത്യതയിലേക്ക് മടങ്ങിയത്. അമേരിക്കയിൽ മിലിറ്ററി ചാപ്ലയിൻ ആയി സേവനം തുടരുന്നതിനിടെ ആയിരുന്നു വിയോഗം.
വാർധക്യസഹജമായ രോഗങ്ങളാണ് പെട്ടെന്നുള്ള വിയോഗത്തിലേക്ക് നയിച്ചത്. തിരുവനന്തപുരം അതിരൂപതയുടെ അദ്ധ്യക്ഷനായിരുന്ന റൈറ്റ് റവ. ഡോ. പീറ്റർ ബെർണാഡ് പെരേരയുടെ സെക്രട്ടറിയായി ആയിരുന്നു ആദ്യ നിയമനം. കമുകിൻകോട്, സൗത്ത് കൊല്ലങ്കോട് ഇടവകകളിൽ വികാരിയായി സേവനം അനുഷ്ടിച്ചതിന് ശേഷമാണ് അമേരിക്കയിലേക്ക് പോയത്.
അവിടുത്തെ രണ്ട് ഇടവകളിൽ വികാരിയായിരുന്നു. പൗരോഹിത്യമേഖലയിലെ മികവ് കണക്കിലെടുത്തതാണ് സൈനികമേഖലയിൽ ചാപ്ലയിൻ ആകാനുള്ള ക്ഷണം ലഭിച്ചതും അതിലേക്ക് കടന്നതും. അഞ്ച് വർഷം അവസാനമായി നാട്ടിലെത്തിയത്. സംസ്കാരം അമേരിക്കയിൽ നടക്കും. ഫാ. ജോസഫ് ആർ ഡി സിൽവയുടെ വിയോഗത്തിൽ അനുശോചിച്ചുകൊണ്ട് ജൂലൈ 5 ബുധനാഴ്ച്ച രാവിലെ 11 മണിക്ക് അടിമലത്തുറ അമലോത്ഭവ മാതാ ദേവാലയത്തിൽ അനുസ്മരണ ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.