തോപ്പ്: വലിയതുറ സാമൂഹ്യ ശുശ്രൂഷ സമിതി വാർഡ് കൗൺസിലർമാരെയുൾപ്പെടുത്തി നേതൃത്വ പരിശീലനം സംഘടിപ്പിച്ചു. ഫെബ്രുവരി 28 ശനിയാഴ്ച തോപ്പ് ഫെറോന സെന്ററിൽ വച്ച് നടന്ന പരിപാടിയിൽ ഫെറോന കോഡിനേറ്റർ ഫാ. ബിജിൻ ബസിലി അധ്യക്ഷത വഹിച്ചു. പരിശീലന പരിപാടിയിൽ വാർഡ് സഭ, വാർഡ് കമ്മിറ്റികളുടെ ഉത്തരവാദിത്വങ്ങൾ, ലീഡർമാരുടെ കർത്തവ്യങ്ങൾ, സ്പെഷ്യൽ ഗ്രാമസഭകൾ, 2026-2027-ലെ പദ്ധതി, പതിനഞ്ചാം പഞ്ചാവത്സര പദ്ധതി ആസൂത്രണ പ്രക്രിയ, CSR ഫണ്ട് എന്നിവയെക്കുറിച്ച് KILA- യിലെ അനിൽകുമാർ ക്ലാസ് നയിച്ചു.
കൗൺസിലർമാരായ സുധീഷ് (പൗണ്ട് കടവ്), കിൻസി കെവിൻ(വെട്ടുകാട് ), ഷീബ പാട്രിക്(വലിയതുറ ), സജിന ടീച്ചർ (ബീമാപള്ളി) എന്നിവർ സാമൂഹ്യ ശുശ്രൂഷ സമിതി അംഗങ്ങളോടൊപ്പം നേതൃപരിശീലനത്തിൽ പങ്കെടുത്തു. ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ ഒത്തുചേരൽ, ഫ്ലാറ്റുകളിലെയും തീരങ്ങളിലെയും മലിനീകരണ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തൽ, തീരസംരക്ഷണം, പട്ടയം ഇല്ലാത്തവർക്കും കെട്ടിട നമ്പർ ഇല്ലാത്തവർക്കുമായി മേയർക്ക് മാസ് പെറ്റീഷൻ നൽകൽ, എല്ലാ വാർഡുകളിലും കുട്ടികളുടെ ഗ്രാമസഭ സംഘടിപ്പിക്കൽ എന്നീപ്രവർത്തനങ്ങൾ വാർഡുകളിൽ സംഘടിപ്പിക്കുന്നതിന് സമിതി അംഗങ്ങൾ പന്തുണ നൽകി.
സാമൂഹ്യ ശുശ്രൂഷ അതിരൂപത അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഡോണി ഡി പോൾ, TSSSകാര്യശേഷി വികസനവിഭാഗം രൂപത കോഡിനേറ്റർ ലീജ സ്റ്റീഫൻ, ആനിമേറ്റർ ഷീജ, എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. വലിയതുറ ഫെറോന വൈസ് പ്രസിഡന്റ് സ്റ്റീഫൻ, സെക്രട്ടറി സുമ എന്നിവർ സന്നിഹിതരായിരുന്നു.
