പാലപൂര് : കോവളം ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ SSLC, +1, +2 പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി പരീക്ഷ ഒരുക്ക സെമിനാർ നടത്തി. ജനുവരി 18 ഞായറാഴ്ച പാലപ്പൂര് ഹോളിക്രോസ് എൽ.പി.എസി-ൽവച്ച് നടന്ന സെമിനാറിൽ സെന്റ് ജോസഫ് സ്കൂൾ അധ്യാപകനും വിദ്യാഭ്യാസ ശുശ്രൂഷ സമിതി രൂപത റിസോഴ്സ് ടീം അംഗവുമായ ജോയ് ജോൺ ക്ലാസുകൾക്ക് നേതൃത്വം നൽകി. പരീക്ഷയ്ക്ക് എങ്ങനെ ഒരുങ്ങാം, വിജയത്തിന് പിന്നിലുള്ള രഹസ്യങ്ങൾ, പഠനത്തെ ദോഷകരമായി ബാധിക്കുന്ന ശീലങ്ങൾ, പരീക്ഷാഹാളിൽ പോകുന്നതിനു മുൻപ് വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ ക്ലാസിൽ വിശദീകരിച്ചു.
വിദ്യാഭ്യാസ ശുശ്രൂഷ സമിതി ഫൊറോന വൈദിക കോഡിനേറ്റർ ഫാ.അജിത്ത് ആന്റണി ക്ലാസ്സിൽ നിന്നും കുട്ടികൾ ഉൾക്കൊണ്ടതും പ്രാവർത്തികമാക്കാൻ പോകുന്നതുമായ കാര്യങ്ങളെക്കുറിച്ചും, അവരുടെ തുടർന്നുള്ള പഠന രീതി എപ്രകാരമായിരിക്കുമെന്നും പങ്കുവയ്ക്കുവാൻ അവസരം നൽകി. പ്രസ്തുത ക്ലാസ്സിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി പ്രതിനിധികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. ഫൊറോന ആനിമേറ്റർ മേരി ഫാത്തിമ സ്വാഗതവും പരുത്തിക്കുഴി ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി കൺവീനർ ലിനു നന്ദിയും പറഞ്ഞു.

