വെട്ടുതുറ: പുതുക്കുറിച്ചി ഫെറോന ബോർഡ് ഓഫ് ക്ലർജി ആൻഡ് റിലീജിയസിന്റെ ആഭിമുഖ്യത്തിൽ ലോക സമർപ്പിത ദിനാഘോഷം ‘കരിസ്മ 2K26’ വെട്ടുതുറ റോസ്മിനിയൻ ആശ്രമത്തിൽവച്ച് ആഘോഷിച്ചു. ജനുവരി 26-ന് നടന്ന ആഘോഷ പരിപാടികളിൽ ഫെറോനയുടെ കീഴിലുള്ള 20 സന്യാസ ഭവനങ്ങളിൽ നിന്നായി അമ്പതോളം വൈദികരും സമർപ്പിതരും പങ്കെടുത്തു. ബോർഡ് ഓഫ് ക്ലർജി ആൻഡ് റിലീജിയസ് ഡയറക്ടർ റവ. ഡോ. തദയൂസ് ഫിലിപ്പ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. പുതുക്കുറിച്ചി ഫെറോന വികാരി റവ. ഡോ. ഹൈസിന്ത് എം. നായകം ‘കരിസ്മ 2K26’ ഉദ്ഘാടനം ചെയ്തു. സമർപ്പിതർ ലോകത്തിൽ പ്രത്യാശയുടെ തിരുനാളം തെളിക്കേണ്ടവരാണെന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
സന്യസ്ത ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയ (സുവർണ്ണ ജൂബിലി) 3 സമർപ്പിതരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. അരനൂറ്റാണ്ടുകാലം സഭയ്ക്കും സമൂഹത്തിനുമായി നൽകിയ വിലമതിക്കാനാവാത്ത സേവനങ്ങളെ ചടങ്ങ് പ്രത്യേകം സ്മരിച്ചു. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം നടന്ന ഗ്രൂപ്പ് ചർച്ചകൾ, വിവിധ വിനോദ പരിപാടികൾ, അനുഭവങ്ങൾ പങ്കുവെക്കൽ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. പരസ്പരമുള്ള പങ്കുവക്കലിന്റെയും ആനന്ദത്തിന്റെയും ആത്മീയ വിചിന്തനത്തിന്റെയും ദിനമായി ‘കരിസ്മ 2K26’ മാറി. സമർപ്പിത ജീവിതത്തിന്റെ പ്രസക്തിയും ഉത്തരവാദിത്തവും പുതുക്കാൻ ഈ സംഗമം ഏറെ സഹായകമായി.

