പള്ളം: പുല്ലുവിള ഫെറോന കുടുംബ ശുശ്രൂഷ ‘സ്നേഹാർദ്രം’ എന്നപേരിൽ ഭിന്നശേഷിക്കാരുടെ സംഗമം നടത്തി. ഫെറോനയിലെ എഫാത്ത ഫോറത്തിന്റെയും (കേൾവി സംസാര പരിമിതർ) ബർത്തിമിയൂസ് ഫോറത്തിന്റെയും (കാഴ്ച പരിമിതർ) സംയുക്ത കൂട്ടായ്മയാണ് സ്നേഹാർദ്രം. പുല്ലുവിള ഫെറോന കുടുംബ ശുശ്രൂഷ വൈദിക കോഡിനേറ്റർ ഫാ. ജോസഫ് ഭാസ്കർ അധ്യക്ഷത വഹിച്ചു. ഫെറോന വികാരി ഫാ. ഡയസൻ സംഗമം ഉദ്ഘാടനം ചെയ്തു. ഫാ. ജനിസ്റ്റൻ സംഗമത്തിലൂടനീളം ആംഗ്യഭാഷയിലൂടെ എഫാത്ത സഹോദരങ്ങളുമായി സംവദിച്ചു. സംഗമത്തിൽ പങ്കെടുത്ത 87 ഫോറം അംഗങ്ങൾക്ക് സ്നേഹസമ്മാനങ്ങൾ വിതരണം ചെയ്തു. ഫോറം അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ സംഗത്തിന് മികവേകി. ബർത്തിമിയൂസ് ഫോറത്തിലെ കുമാരി റോസിയുടെ പ്രാർത്ഥനാ ഗാനത്തോട് കൂടി ആരംഭിച്ച സംഗമത്തിൽ ആനിമേറ്റർ സുശീല ജോ സ്വാഗതവും, സിസ്റ്റർ ഡയ്സി കൃതജ്ഞതയുമേകി.

