പുഷ്പഗിരി: പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷയും പുഷ്പഗിരി ഇടവക ചൈൽഡ് പാർലമെന്റും സംയുക്തമായി കുട്ടികളുടെ വാർഡ് സഭ സംഘടിപ്പിച്ചു. വിവിധ വാർഡിലെ കുട്ടികൾ സജീവമായി പങ്കെടുത്തുകൊണ്ട് കുട്ടികളുടെ വാർഡ് സഭ വിജയകരമായി നടത്തി. പരിപാടിയിൽ കുട്ടികൾ അവരുടെ പ്രദേശത്തെ പ്രശ്നങ്ങളും പരിഹാര നിർദേശങ്ങളും അവതരിപ്പിച്ചു. പരിസ്ഥിതി സംരക്ഷണം, ഗതാഗത സുരക്ഷ, മാലിന്യ നിയന്ത്രണം, ലഹരിയുടെ ഉപയോഗം, ഡിജിറ്റൽ വിദ്യാഭ്യാസം (AI) തുടങ്ങി നിരവധി വിഷയങ്ങൾ സഭയിൽ ചർച്ചയായി.
പേട്ട ചൈൽഡ് പാർലമെന്റ് സ്പീക്കർ കുമാരി ഹന്ന അധ്യക്ഷത വഹിച്ച യോഗത്തിൽ സാമൂഹ്യ ശുശ്രൂഷ കോഡിനേറ്റർ ഫാ. പോൾ പഴങ്ങാട്ട്, അണമുഖം വാർഡ് കൗൺസിലർ അജിത് കുമാർ ചൈൽഡ് പാർലമെന്റ് പ്രതിനിധികൾ, പാരന്റ് പ്രതിനിധികൾ, ഫെറോന എക്സിക്യൂട്ടീവ്സ്, കുമാരപുരം സ്റ്റേഷൻ സബ് ഇൻസ്പെക്ടർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. കുട്ടികളുടെ ആശയങ്ങൾ ഭാവിയിൽ നടപ്പാക്കാനുള്ള പദ്ധതികൾ രൂപീകരിക്കുമെന്നും, അവരുടെ അഭിപ്രായങ്ങൾ വികസന പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. വാർഡ് സഭ യോഗം ദേശീയ ഗാനം പാടി സമാപിച്ചു.
