കഴക്കൂട്ടം: കഴക്കൂട്ടം ഫൊറോനയിൽ വിശ്വാസ പ്രഖ്യാപനത്തിന്റെ ഭാഗമായി ഫൊറോന യുവജന ശുശ്രൂഷ സമിതിയുടെയും കരിസ്മാറ്റിക് ഗ്രൂപ്പും സംയുക്തമായി ജപമാല റാലി നടത്തി. ജപമാല മാസത്തിൻ്റെ ചൈതന്യത്തിൽ ഒക്ടോബർ 19 തീയതി ഇടയിൽ തുണ്ടത്തിൽ ലൂർദ് മാതാ ദേവാലയത്തിൽ ആരംഭിച്ച റാലി കാര്യവട്ടം ക്രിസ്തുരാജാ ദേവാലയത്തിൽ അവസാനിച്ചു. ഫാ. രാജു പീറ്റർ റാലിയിൽ ആമുഖ സന്ദേശം നൽകി. പരിശുദ്ധ അമ്മയുടെ കരം പിടിച്ച് തീർത്ഥയാത്രയായി നാം നടത്തുന്ന ഈ യാത്ര അനേകർക്ക് ദൈവസ്നേഹത്തെ പകർന്നുനൽകുമെന്ന് അച്ചൻ പറഞ്ഞു.
ഫാ. ദീപക് ആൻ്റോയുടെ പ്രാർത്ഥനക്ക് ശേഷം പരിശുദ്ധ അമ്മയുടെ സ്വരൂപം ആശീർവദിച്ചു. ഫെറോനയിലെ വിവിധ സന്ന്യസ്ഥ ഭവനങ്ങളിലെ സന്ന്യസ്ഥരും അർത്ഥികളും വിശ്വാസികളോടൊപ്പം ഈ പ്രാർത്ഥനാ റാലിയിൽ പങ്കുചേർന്നു. കഴക്കൂട്ടം മുൻ ഫൊറോനാ വികാരി മോൺ. ജോർജ് പോൾ സമാപന സന്ദേശം നൽകി. പരിശുദ്ധ അമ്മയുടെ കരം പിടിച്ച് നടക്കുന്നവർ ജീവിത പ്രതിസന്ധികളിൽ വീണുപോകില്ലായെന്ന് അദ്ദേഹം പറഞ്ഞു. യുവതി യുവാക്കളെ പരിശുദ്ധ അമ്മയിലൂടെ ക്രിസ്തുവിൽ ഒന്നാക്കുന്നതിനും ദൈവ സ്നേഹത്തിൽ വളർത്തുന്നതിനും ഈ യാത്രയും ഒരുക്കങ്ങളും ഏറെ സഹായിച്ചതായി സംഘാടകർ പറഞ്ഞു.