അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 13-ന് അഞ്ചുതെങ്ങ് പാരിഷ് ഹാളിൽവച്ച് എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികൾക്കായി പരീക്ഷ മുന്നൊരുക്ക ക്ലാസ്സ് നടത്തി. വിദ്യാഭ്യാസ ശുശ്രൂഷ കോഡിനേറ്റർ ഫാ. ജോസഫ് പ്രസാദിന്റെ അധ്യക്ഷതയിൽ ഫാ. വിഗിൽ പഠനത്തിന്റെ ആവശ്യകതയെ കുറിച്ച് വിവരിച്ചു. തുടർന്ന് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായ ജോയ് ജോൺ ക്ലാസിന് നേതൃത്വം നൽകി. ലക്ഷ്യബോധത്തോടെയുള്ള പഠനം, സ്ക്രീൻ അഡിക്ഷൻ മറികടക്കാനുള്ള കുറുക്ക് വഴികൾ, പരീക്ഷ ടിപ്പുകൾ, പരീക്ഷയിൽ ഉന്നത വിജയം നേടാൻ സാധ്യമാക്കുന്ന പഠന ക്രമീകരണം, മാനസിക സമ്മർദ്ദം ലഘൂകരിക്കാൻ ഉതകുന്ന കാര്യങ്ങൾ എന്നിവ ക്ലാസിൽ പങ്കുവച്ചു. പ്രസ്തുത ക്ലാസിൽ 200 വിദ്യാർഥികൾ പങ്കെടുത്തു. തുടർന്ന് ഫൊറോന കോഡിനേറ്റർ ഫാ. ജോസഫ് പ്രസാദ് കുട്ടികളുമായി സംവദിച്ചു. അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ സ്വാഗതവും ഫെറോന ആനിമേറ്റർ നന്ദിയും പറഞ്ഞു. സ്കൂൾ ഹെഡ്മിസ്ട്രസ്, അധ്യാപകർ, വിദ്യാഭ്യാസ ശുശ്രൂഷ എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.


