അഞ്ചുതെങ്ങ്: ഇടവക വളരുന്നതിന്റെ മാനദണ്ഡം ആ ഇടവകയിലെ കുടുംബങ്ങളുടെ വളർച്ചയും സന്തോഷവും അടിസ്ഥാനമായിരിക്കണമെന്ന് തിരുവനന്തപുരം അതിരൂപത മെത്രാപോലിത്ത അഭിവന്ദ്യ തോമസ് ജെ. നെറ്റോ. അഞ്ചുതെങ്ങ് ഫൊറോനയിലെ കുടുംബശുശ്രൂഷ സമിതിയുടെ സ്നേഹസംഗമത്തിൽ പങ്കെടുത്ത കുടുംബശുശ്രൂഷ ഭാരവാഹികളെ അഭിസംബോധന ചെയ്യുകയായിരുന്നു പിതാവ്.
ജൂലൈ 6-ന് അതിരൂപത കുടുംബപ്രേഷിത ശുശ്രൂഷയുടെ നേതൃത്വത്തിൽ നടന്ന കുടുംബദീപം പരിപാടിയുടെ അനുബന്ധപരിപാടിയായാണ് അഞ്ചുതെങ്ങ് ഫൊറോനയിൽ സ്നേഹസംഗമം പരിപാടി നടന്നത്. ഇടവക – ഫൊറോനതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. അഞ്ചുതെങ്ങ് ഫൊറോന കോ-ഓർഡിനേറ്റർ ഫാ. ബീഡ് മനോജ് അമാദോ അധ്യക്ഷത വഹിച്ച സ്നേഹസംഗമം പരിപാടി അഞ്ചുതെങ്ങ് ഫൊറോന വികാരി ഫാ. ജസ്റ്റിൻ ജൂഡ് ഉദ്ഘാടനം ചെയ്തു. കുടുംബ ശുശ്രൂഷ പ്രവർത്തനങ്ങളെ കുറിച്ചുള്ള ക്ലാസുകൾക്ക് അതിരൂപത ഡയറക്ടർ ഫാ.റിച്ചാർഡ് സഖറിയാസ്, ശ്രീ. സതീഷ് ജോർജ്ജ് എന്നിവർ നേതൃത്വം നൽകി. ശ്രീ. അജിത്ത് പെരേര നേതൃത്വ പരിശീലന ക്ലാസ് നയിച്ചു. അഞ്ചുതെങ്ങ് ഇടവക വികാരി ഫാ. സന്തോഷ് ആശംസകളർപ്പിച്ച് സംസാരിച്ചു. പരിപാടിയുടെ സമാപനത്തിൽ അഭിവന്ദ്യ തോമസ് ജെ. നെറ്റോ മെത്രാപോലീത്ത, വികാർ ജനറൽ മോൺ. യൂജിൻ എച്ച് പെരേര എന്നിവർ കുടുംബശുശ്രൂഷ ഭാരവാഹികളുമായി സംവദിച്ചു.