നീരോടി: സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി വ്യാപനത്തിനെതിരെ ബോധവല്‍ക്കരണവുമായി തുത്തൂർ ഫൊറോന സാമൂഹ്യ ശുശ്രൂഷ ഒരുക്കിയ മനുഷ്യ ചങ്ങല ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. “ലഹരി ഉപേക്ഷിക്കാം, നല്ല നാളേയ്ക്കായി ഇന്ന് തന്നെ മാറാം” എന്ന സന്ദേശത്തോടെ കൈകോർത്ത മനുഷ്യചങ്ങല യിൽ ചൈൽഡ് പാർലമെന്റിലെ കുട്ടികളും വിവിധ ഇടവകകളിലെ ജനങ്ങളും പങ്കാളികളായി.
ലഹരിയിൽ നിന്ന് യുവജനങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം ആരോഗ്യമുള്ള സമൂഹത്തെ പടുത്തുയർത്തുകയാണ് ലക്ഷ്യമിടുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഫൊറോന കോഡിനേറ്റർ ഫാ. റ്റൈറ്റസ് വിൻസന്റ് പറഞ്ഞു. ലഹരിവിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലാക്കാർഡുകൾ ഉയർത്തിയും ലഹരി നമ്മെ അന്ധരാക്കി മാനവകുലത്തെ നശിപ്പിക്കുമെന്നതിന്റെ പ്രതീകമായി കണ്ണുകൾ കറുത്തതുണികൊണ്ട് കെട്ടിയുമാണ് മനുഷ്യചങ്ങലയിൽ ജനങ്ങൾ അണിനിരന്നത്. ജനങ്ങളുടെ വലിയപങ്കാളിത്തം ലഹരി നമ്മുടെ സമൂഹത്തെ എത്രമാത്രം ദോഷകരമായി ബാധിക്കുന്നുവെന്നതിന്റെ തെളിവായി. വിവിധ ഇടവകകളിലെ ഇടവക വികാരിമാർ, ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ അതിരൂപത കോഡിനേറ്റർ ശ്രീ. എബിൻ, ഫൊറോന ആനിമേറ്റർ ശ്രീമതി കനീജ പീറ്റർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.