വത്തിക്കാൻ: മെയ് മാസം 25, 26 തീയതികളിൽ റോമിൽ വച്ചുള്ള പ്രഥമ ആഗോള ശിശുദിനാഘോഷത്തിനു ഇറ്റാലിയൻ ശില്പിയായ മിമ്മോ പാലദീനോ, ക്രിസ്ത്യൻ സംസ്കാരത്തിൻ്റെ ചിത്രങ്ങളുള്ള നാല് മീറ്ററിനു മുകളിൽ ഉയരമുള്ള ഒരു വലിയ കുരിശ് നിർമ്മിച്ചുനൽകി. ‘ആഹ്ളാദത്തിന്റെ കുരിശ്’, എന്നാണ് മിമ്മോ കുരിശിനു നൽകിയിരിക്കുന്ന പേര്. എഴുപതിനായിരത്തിനു മേൽ കുട്ടികളാണ് ഈ പ്രഥമആഘോഷത്തിൽ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മെയ് 25 ശനിയാഴ്ച റോമിലെ ഒളിമ്പിക് സ്‌റ്റേഡിയത്തിൽ നടക്കുന്ന ലോക ശിശുദിനത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ കുരിശ് പ്രകാശനം ചെയ്യും. തുടർന്ന് മേയ് 26-ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഫ്രാൻസിസ് പാപ്പായുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ ബലിയുടെ അവസരത്തിൽ അൾത്താരയ്ക്കു സമീപം പ്രതിഷ്ഠിക്കും.