കൊച്ചി: സഭാനവീകരണത്തിന്റെ ഭാഗമായി കേരളസഭയുടെ പ്രഥമ ദിവ്യകാരുണ്യ കോൺഗ്രസ് വല്ലാർപാടം മരിയൻ തീർത്ഥാടന ബസിലിക്കയിൽ 2023 ഡിസംബർ 1 മുതൽ 3 വരെ നടക്കും.
ദിവ്യകാരുണ്യ കോൺഗ്രസിന്‍റെ സംഘാടകസമിതി രൂപീകരണ സമ്മേളനം പാലാരിവട്ടം പിഒസിയിൽ നടന്നു. 18 കമ്മിറ്റികൾക്ക് സമ്മേളനം രൂപം നൽകി. ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ ഉദ്ഘാടനം ചെയ്തു. ബിഷപ് മാർ ടോണി നീലങ്കാവിൽ, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പള്ളി, റവ. ഡോ. സ്റ്റാൻലി മാതിരപ്പിള്ളി, ഡോ. കെ.എം. ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
കാലഘട്ടത്തിന്റെ അടയാളങ്ങളെ വ്യാഖ്യാനിക്കാനും ദൈവീകപദ്ധതി തിരിച്ചറിഞ്ഞ് സഭ പിൻചെല്ലേണ്ട പാതകൾ നിർണ്ണയിക്കാനുമുള്ള വെല്ലുവിളി നിറഞ്ഞ ദൗത്യം പ്രാർവർത്തികമാക്കാൻ ദൈവാത്മാവിന്റെ സഹായത്തോടെ ഒരു നവീകരണ യ്ജ്ഞത്തിന് കേരളസഭ ഒരുങ്ങുകയാണെന്ന് സംഘാടകർ പറഞ്ഞു.
കേരളത്തിലെ മൂന്ന് റീത്തുകളിലെയും എല്ലാ രൂപതകളിൽനിന്നും മെത്രാന്മാർ, വൈദീകർ, സന്യസ്തർ, എന്നിവർ പങ്കെടുക്കും. വിപുലമായ ക്രമീകരണങ്ങളാണ് ദിവ്യകാരുണ്യ കോൺഗ്രസിനായി ഒരുക്കുന്നത്. പ്രതിനിധികൾക്ക് എറണാകുളത്തെ വിവിധ ഇടവകകൾ കേന്ദ്രീകരിച്ച് വിശ്വാസികളുടെ ഭവനങ്ങളിലാണ് താമസസൗകര്യമൊരുക്കുന്നത്.
അന്താരാഷ്ട്ര ദിവ്യകാരുണ്യകോൺഗ്രസ് 2024 സെപ്തംബർ 8 മുതൽ 15 വരെയുള്ള തിയതികളിൽ ലാറ്റിൻ അമേരിക്കൻ രാജ്യമായ ഇക്വഡോറിലാണ് നടക്കുന്നത്.