പാളയം: പാളയം ഇടവകയിൽ 5 വർഷം മുതൽ 25 വർഷം വരെ കുടുംബജീവിതം നയിക്കുന്ന ദമ്പതികളുടെ സംഗമം നടന്നു. ഇടവക വികാരി മോൺ. വിൽഫ്രഡ് ഇ അധ്യക്ഷത വഹിച്ച സംഗമം അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് ആർ ഉദ്ഘാടനം ചെയ്തു. രൂപത കുടുംബപ്രേഷിത ശുശ്രൂഷ ഡയറക്ടർ ഫാ. റിച്ചാർഡ് സഖറിയ, പാളയം ഫെറോന കുടുംബ ശുശ്രൂഷ കോഡിനേറ്ററും പാളയം ഇടവക സഹവികാരിയുമായ ഫാ. സജിത്ത് സോളമൻ, സെക്രട്ടറി സെബാസ്റ്റ്യൻ ബാബു, കൺവീനർ ഡോറ ആന്റണി എന്നിവർ സംസാരിച്ചു. മിഷനറി കപ്പിൾസ് ഫോർ ക്രൈസ്റ്റ് തിരുവനന്തപുരം കോഡിനേറ്റേഴ്സ് ഷീൻ-ഡാലിയ ദമ്പതികളും ജീസസ് യൂത്ത് സെൻട്രൽ പ്രയർ ഗ്രൂപ്പ് ഫാമിലി കോഡിനേറ്റേഴ്സ് ബിനോജ്-ബ്രിന്ദ ദമ്പതികളും ക്ലാസുകൾക്ക് നേതൃത്വം നൽകി. സംഗമത്തിൽ എൻപതോളം പേർ പങ്കെടുത്തു.