തിരുവനന്തപുരം: മധ്യപ്രദേശിലെ ഇൻഡോറിൽ രക്തസാക്ഷിത്വം വരിച്ച മലയാളി കന്യാസ്ത്രീ സിസ്റ്റർ റാണി മരിയയുടെ ജീവിതകഥ പറയുന്ന “ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്‘ സിനിമയുടെ മലയാളം പതിപ്പ് തിരുവനന്തപുരത്ത് പ്രത്യേക ക്ഷണിതാക്കൾക്കു മുന്നിൽ പ്രദർശിപ്പിക്കും. നവംബർ 08 ബുധനാഴ്ച വൈകുന്നേരം ശ്രീ തിയേറ്ററിലാണ് സിനിമ പ്രദർശിപ്പിക്കുന്നു. തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് ജെ. നെറ്റോ പിതാവ് ഉദ്ഘാടനം ചെയ്യുന്ന പ്രിവ്യൂ ഷോ കാണുന്നതിനായി മത രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖരും പ്രത്യേക ക്ഷണിതാക്കളും പങ്കെടുക്കും. തിരുവനന്തപുരം അതിരൂപത മീഡിയകമ്മിഷനാണ് ആവശ്യമായ ഒരുക്കങ്ങൾ നടത്തുന്നത്.
1995 ഫെബ്രുവരി 25ന് ഇൻഡോറിലെ നേച്ചമ്പൂർ മലയിടുക്കിൽ കൊല ചെയ്യപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതകഥ ഷെയ്സൺ പി. ഔസേപ്പാണ് സംവിധാനം ചെയ്തിരിക്കുന്നത്. സിസ്റ്റർ റാണി മരിയയായി ഈ വർഷത്തെ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയ വിൻസി അലോഷ്യസാണ് അഭിനയിച്ചിരിക്കുന്നത്.
1995 ഫെബ്രുവരി 25ന് ഇന്‍ഡോറിലാണു സിസ്റ്റര്‍ രക്തസാക്ഷിത്വം വരിച്ചത്. സമൂഹത്തിലെ നിര്‍ധനര്‍ക്ക് വേണ്ടി സ്വരമുയര്‍ത്തി സാധാരണക്കാര്‍ക്കു വിദ്യാഭ്യാസവും സ്വയംപര്യാപ്തതയും ലഭ്യമാക്കുന്നതിനു സാമൂഹ്യ ഇടപെടലുകള്‍ നടത്തിയ സിസ്റ്റര്‍ റാണി മരിയയുടെ സേവനം ജന്മിമാരെ ചൊടിപ്പിക്കുകയായിരിന്നു. ഇതില്‍ രോഷാകുലരായ പ്രദേശത്തെ ജന്മിമാര്‍ സമന്ദര്‍സിംഗ് എന്ന വാടകക്കൊലയാളിയെ ഉപയോഗിച്ച് സിസ്‌റ്റര്‍ റാണി മരിയയെ കൊലപ്പെടുത്തുവാന്‍ നിയോഗിച്ചു. മധ്യപ്രദേശിലെ ഉദയ്‌നഗറില്‍ നിന്നു ഇന്‍ഡോറിലേക്കുള്ള ബസ് യാത്രക്കിടെയാണു റാണി മരിയ കൊല്ലപ്പെട്ടത്. ഏറെക്കാലത്തെ ജയില്‍വാസത്തിനുശേഷം മാനസാന്തരപ്പെട്ട സമന്ദര്‍സിംഗ് സിസ്റ്റര്‍ റാണി മരിയയുടെ വീട്ടിലെത്തി മാതാപിതാക്കളോടു മാപ്പുചോദിച്ചിരുന്നു. 2017 നവംബര്‍ നാലിനാണ് റാണി മരിയയെ തിരുസഭ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചത്. റാണി മരിയയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിലും പങ്കെടുക്കുവാന്‍ കൊലയാളി സമന്ദര്‍സിംഗ് എത്തിയിരിന്നു.