വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള ഉൾപ്പെടെ 7 പേരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിന് ഫ്രാൻസിസ് മാർപ്പാപ്പ അധ്യക്ഷനായ കർദിനാൾമാരുടെ സമ്മേളനം (കൺസിസ്റ്ററി) അംഗീകാരം നൽകി. വരുന്ന ആഴ്ചകളിലോ മാസങ്ങളിലോ തന്നെ ഇവരെ വിശുദ്ധരായി പ്രഖ്യാപിക്കും. കൃത്യമായ തീയതി പിന്നീട് അറിയിക്കും.
വിശ്വാസതീക്ഷ്‌ണതയുടെ പേരിൽ പതിനെട്ടാം നൂറ്റാണ്ടിൽ കന്യാകുമാരിയിലെ കാറ്റാടിമലയിലാണ് ദേവസഹായം പിള്ള രക്‌തസാക്ഷിത്വം വരിച്ചത്. രാജ്യത്തെ പ്രഥമ അൽമായ രക്തസാക്ഷിയാണ്. അദ്ദേഹത്തിന്റെ പേരിൽ നടന്ന അത്ഭുതങ്ങൾ മാർപാപ്പ കഴിഞ്ഞ വർഷം അംഗീകരിച്ചിരുന്നു. ഏഴാം മാസത്തിൽ അമ്മയുടെ ഉദരത്തിൽ ജീവൻ നഷ്ടപ്പെടുമെന്നുറപ്പായ കുഞ്ഞ്, മധ്യസ്ഥപ്രാർഥനയിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നതാണിത്.
കന്യാകുമാരിയിലെ നട്ടാലത്ത് 1712 ഏപ്രിൽ 23ന് ജനിച്ച നീലകണ്ഠപ്പിള്ളയാണ് പിന്നീട് ജ്ഞാനസ്നാനം സ്വീകരിച്ച് ദേവസഹായം പിള്ളയായത്. തിരുവിതാംകൂർ രാജാവിന്റെ കൊട്ടാരം കാര്യദർശിയായിരുന്നു അദ്ദേഹം. കുളച്ചൽ യുദ്ധത്തിൽ തടവിലാക്കപ്പെട്ട ഡച്ച് സൈന്യാധിപൻ ബെനഡിക്‌ട് ഡിലനോയിയെ തിരുവിതാംകൂർ സൈന്യത്തിന്റെ നവീകരണച്ചുമതല ഏൽപിച്ചപ്പോൾ നീലകണ്‌ഠപ്പിള്ളയെ സഹായിയായി നിയോഗിച്ചു.
ഉറച്ച വിശ്വാസിയായിരുന്ന ഡിലനോയിയുമായുള്ള അടുപ്പമാണ് നീലകണ്ഠപ്പിള്ളയെ ക്രിസ്തുമതത്തിലേക്ക് ആകർഷിച്ചത്. സുവിശേഷ പ്രചാരണം നടത്തിയതിന്റെ പേരിൽ പരാതികളുണ്ടായപ്പോൾ 1749 ഫെബ്രുവരി 23നു രാജാവ് ദേവസഹായത്തെ തടവിലാക്കി. ക്രിസ്‌തുമതം ഉപേക്ഷിക്കാൻ തയാറാകാഞ്ഞതിനെത്തുടർന്ന് കന്യാകുമാരി ആരുവാമൊഴിയിൽ കാറ്റാടിമലയിൽവച്ച് 1752 ജനുവരി 14ന് അദ്ദേഹത്തെ വധിച്ചുവെന്നാണു ചരിത്രം. കോട്ടാർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് കത്തീഡ്രലിലാണു ഭൗതികശരീരം സംസ്‌കരിച്ചത്.