പുതുക്കുറിച്ചി: തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ പുതുക്കുറിച്ചി സെന്റ്. മൈക്കിള്‍സ് ഇടവകയില്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 2023 ഡിസംബർ 3 ന് തുടക്കം കുറിച്ച ഹോം മിഷന്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങൾ ജനുവരി 28 ഞായറാഴ്ച സമാപിച്ചു. ഇതിന്റെ ഭാഗമായി അതിരൂപതാദ്ധ്യക്ഷന്‍ മോസ്റ്റ് റവ. ഡോ. തോമസ് ജെ. നെറ്റോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയർപ്പിച്ചു. ഇടവക വികാരി ഫാ. ഇഗ്നാസി രാജശേഖരന്‍, സഹവികാരി ഫാ. പ്രമോദ്, അതിരൂപത ബി.സി.സി. എക്സിക്യുട്ടീവ് സെക്രട്ടറി ഫാ. ഡാനിയേല്‍ എന്നിവർ സഹകാർമ്മികരായിരുന്നു.
പ്രത്യേകം പരിശീലനം ലഭിച്ച അതിരൂപതയിൽ സേവനം ചെയ്യുന്ന വ്യത്യസ്ത സന്ന്യാസ സഭകളിൽ നിന്നുള്ള 20 സമർപ്പിതർ ഇടവകയിലെ ഓരോ കുടുംബങ്ങളെ സന്ദർശിക്കുകയും അജപാലന ദൗത്യത്തിൽ പങ്കുചേരുകയും ചെയ്തു. സന്ദർശന വേളയിൽ കണ്ടെത്തിയ കരുത്തുകൾ, വെല്ലുവിളികൾ, നിർദ്ദേശങ്ങൾ എന്നിവ ശുശ്രൂഷാടിസ്ഥാനത്തിൽ റിപ്പോർട്ട് ആയി അഭിവന്ദ്യ തോമസ് ജെ നെറ്റോ പിതാവിന്റെ സാന്നിധ്യത്തിൽ ഇടവക ജനങ്ങളുടെ മധ്യേ അവതരിപ്പിക്കുകയും മെത്രാപൊലീത്ത ഇടവക വികാരിക്കു കൈമാറുകയും ചെയ്തു.
വിദ്യാഭ്യാസ മേഖലയിൽ അനുദിനം പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഈ ഇടവക വളർച്ചയുടെ പാതയിലാണെന്നും ഇടവകയുടെ കരുത്തുകൾ വളരെ പ്രശംസനാർഹമാണെന്നും അഭിവന്ദ്യ മെത്രാപ്പോലീത്ത തന്റെ സന്ദേശത്തിൽ എടുത്തുപറഞ്ഞു. ഇടവകയുടെ വെല്ലുവിളികളെ മനസ്സിലാക്കി നിരന്തരമായ പരിശ്രമത്തിലൂടെ അത് കരുത്തുകളാക്കാൻ സാധിക്കുമെന്നും അതിനുവേണ്ടി ഇടവക വികാരിയോടൊപ്പം ഇടവകജനങ്ങൾ ഒരു കൂട്ടായ്മയായി പ്രവർത്തിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു. യേശു തന്റെ ദൗത്യം ആരംഭിക്കുന്നത് സമയം പൂർത്തിയായി ദൈവരാജ്യം സമീപിച്ചിരിക്കുന്നു അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ എന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ്. ക്രിസ്തുവിന്റെ മാർഗ്ഗം പിന്തുടർന്ന് ഹോം മിഷനിലെ കണ്ടെത്തുലുകൾക്ക് പ്രാധാന്യം നല്കി വരുംദിവസങ്ങളിൽ വിവിധ പ്രവർത്തനങ്ങൾ പുതിയ വാർഷിക പദ്ധതിയിലുൾപ്പെടുത്തി മൂന്നാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കണമെന്ന് ഇടവക അജപാലന സമിതിയെ പിതാവ് ഓർമ്മപ്പെടുത്തി. മൂന്നാംഘട്ട പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കാൻ ശ്രമിച്ചുകൊണ്ട് കുടുംബ പ്രേഷിത ദൗത്യത്തിൽ ഇടവക ജനങ്ങളും പങ്കുകാരാകണം എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ട് അഭിവന്ദ്യ പിതാവ് കത്തിച്ച തിരി ഇടവക വികാരിക്കും ഇടവക കൗൺസിൽ അംഗങ്ങൾക്കും നൽകി. കുടുംബ കേന്ദ്രീകൃത അജപാലന യജ്ഞത്തിന് അക്ഷീണം പ്രയത്നിച്ച ബിസിസി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡാനിയേൽ, ഇടവക വികാരി ഫാ. ഇഗ്നാസി രാജശേഖരന്‍, സഹവികാരി ഫാ. പ്രമോദ്, ഇടവക കൗൺസിൽ അംഗങ്ങൾ സന്യസ്തർ എന്നിവർക്ക് അതിരൂപതാദ്ധ്യക്ഷൻ കൃതജ്ഞതയർപ്പിച്ചു.