വെള്ളയമ്പലം: തിരുവനന്തപുരം ലത്തീൻ അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സിവിൽ സർവ്വീസ് പരിശീലനത്തിന് പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും വേണ്ടിയുള്ള സെമിനാർ നടന്നു. വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ നടന്ന സെമിനാറിൽ വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ ഫാ. സജു റോൾഡൻ മാതാപിതാക്കളുമായി ചർച്ച നടത്തി. രക്ഷാകർത്താക്കളുടെ അഭിപ്രായ സ്വരൂപണത്തിന്റെയടിസ്ഥാനത്തിൽ നിലവിൽ നടക്കുന്ന പരിശീലനം കൂടുതൽ മെച്ചപ്പെട്ട രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന് ഡയറക്ടർ പറഞ്ഞു.
ഫെറോന വിദ്യാഭ്യാസ ആനിമേറ്റേഴ്സ് ഉൾപ്പെടെ 62പേർ പങ്കെടുത്ത സെമിനാറിൽ പരിശീലനത്തിൽ വരുത്തേണ്ട മാറ്റങ്ങൾ, സമയ ക്രമീകരണം, പരിശീലകരുടെ വിലയിരുത്തൽ എന്നിവ നടന്നു. അതിരൂപതയിലെ വളർന്നുവരുന്ന തലമുറയിൽ നിന്നും കൂടുതല്പേരെ സിവിൽ സർവീസ് രംഗത്തെത്തിക്കുകയെന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കാണ് അതിരൂപത തലത്തിൽ വിദ്യാഭ്യാസ ശുശ്രൂഷ സിവിൽ സർവീസ് പരിശീലനം നൽകി വരുന്നത്.