വെട്ടുകാട്: ഇൻഡ്യയിലെ പ്രശസ്ത തീർത്ഥാടനകേന്ദ്രമായ മാദ്രെ ദെ ദേവൂസ് ദൈവാലയത്തിൽ ഇക്കൊല്ലത്തെ ക്രിസ്തുരാജത്വ തിരുനാളിന് നവംബർ 17-മാം തിയതി തുടക്കം കുറിക്കും. അന്നേദിനം വൈകുന്നേരം 4.30 മണിക്ക് ബിഷപ്പ് ക്രിസ്തുദാസിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് ശേഷം ഇടവക വികാരി റവ. ഡോ. എഡിസൻ വൈ. എം. കൊടിയേറ്റ് കർമ്മങ്ങൾക്ക് നേതൃത്വം നല്കും. തുടർന്ന് ക്രിസ്തുരാജ സ്ന്നിധിയിൽ പാദപൂജ നടക്കും.
ഫ്രാൻസിസ് പാപ്പയുടെ മൂന്നാം ചാക്രിക ലേഖനമായ “ഫ്രത്തേല്ലി തൂത്തി” (ഏവരും സോദരർ) എന്നതാണ് ഈ വർഷത്തെ ക്രിസ്തു രാജത്വ തിരുനാളിന്റെ ആപ്ത വാക്യം. തിരുനാളിനോടാനുബന്ധിച്ചു 5 നിർധന കുടുംബങ്ങൾക്ക് ഭവനം നിർമ്മിച്ചു നൽകുവാനും LP സ്കൂളിലെ വിദ്യാർത്ഥികൾക്ക് പുതിയ കെട്ടിടം, നിലവിലെ ദേവാലത്തിന്റെ താഴത്തെ നിലയിൽ ആരാധനാലയം എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുവാനും ഇടവക ഭരണ സമിതി തീരുമാനമെടുത്തതായി ഇടവക വികാരി അറിയിച്ചു.
തിരുനാൾ ദിനങ്ങളിൽ എല്ലാ ദിവസവും വിവിധ സമയങ്ങളിലായി 5 ദിവ്യബലിയർപ്പണവും, വൈകുന്നേരം 5.30 മണിക്കുള്ള ദിവ്യബലിക്ക് ശേഷം ക്രിസ്തുരാജ സന്നിധിയിൽ പാദപൂജയും ഉണ്ടായിരിക്കും. നവം. 19 ഞായറാഴ്ച രാവിലെ 10 മണിക്ക് മലങ്കര റീത്തിൽ നടക്കുന്ന ദിവ്യബലിക്ക് തിരുവനന്തപുരം മലങ്കര മേജർ അതിരൂപത സഹായ മെത്രാൻ മോസ്റ്റ്. റവ. ഡോ. മാത്യൂസ് മാർ പോളികാർപ്പോസ് മുഖ്യകാർമികത്വം വഹിക്കും. അന്നേദിനം വൈകുന്നേരം 3 മണിക്ക് നടക്കുന്ന ദിവ്യബലി ബധിര മൂക സഹോദരങ്ങൾക്കായി ആംഗ്യഭാഷയിൽ തർജ്ജിമ ചെയ്യും. വൈകുന്നേരം 6.45 ന് ഇംഗ്ലീഷ് ദിവ്യബലിയും ഉണ്ടായിരിക്കും. നവം.22 ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന ലത്തീൻ ഭാഷയിലെ ദിവ്യബലിക്ക് തിരുവനന്തപുരം അതിരൂപത പ്രൊക്യൂറേറ്റർ ഫാ. ജൂലിയസ് സാവിയോ മുഖ്യകാർമികത്വം വഹിക്കും. നവം. 24 വെള്ളിയാഴ്ച രാവിലെ നടക്കുന്ന തമിഴ് ദിവ്യബലിക്ക് കോട്ടാർ രൂപത ബിഷപ്പ് എമിരിത്തൂസ് മോസ്റ്റ്. റവ. ഡോ. റെമിജിയൂസ് മുഖ്യകാർമികത്വം വഹിക്കും. അന്നേദിനം വൈകുന്നേരം 5.30 മണിക്കുള്ള ദിവ്യബലിയർപ്പിക്കുന്നത് തിരുവനന്തപുരം അതിരൂപത ആർച്ചബിഷപ്പ് എമിരിത്തൂസ് മോസ്റ്റ്. റവ. ഡോ. സൂസപാക്യം ആയിരിക്കും.
നവം. 25 ശനിയാഴ്ച രാവിലെ 9 മണിക്ക് ഹിന്ദിയിലും വൈകുന്നേരം 3.30 മണിക്ക് ലത്തീൻ ഭാഷയിലും ദിവ്യബലി ഉണ്ടായിരിക്കും. വൈകുന്നേരം 5.30 മണിക്ക് നടക്കുന്ന സന്ധ്യാവന്ദന പ്രാർത്ഥനയ്ക്ക് തിരുവനന്തപുരം അതിരൂപത ചാൻസിലർ വെരി. റവ. മോൺ. ഡോ. സി. ജോസഫ് മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് ക്രിസ്തുരാജ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം നടക്കും. തിരുനാൾ ദിനമായ നവം. 26 ഞായറാഴ്ച രാവിലെ 6 മണിക്ക് തിമിഴ് ദിവ്യബലിയും, 8 മണിക്ക് സീറോ മലബാർ റീത്തിലുള്ള ദിവ്യബലിയും ഉണ്ടായിരിക്കും. വൈകുന്നേരം നടക്കുന്ന ആഘോഷമായ തിരുനാൾ പൊന്തിഫിക്കൽ സമൂഹദിവ്യബലിക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത തോമസ് ജെ. നെറ്റോ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും. ഡിസംബർ 01 വെള്ളിയാഴ്ച വൈകുന്നേരം 5.30 ന് നടക്കുന്ന ദിവ്യബലിക്ക്ശേഷം കൊടിയിറക്ക് കർമ്മവും നടക്കും.
തിരുനാളിനോടനുബന്ധിച്ച് പോപ്പുലർ മിഷൻ ധ്യാനഗുരു റവ. ഫാ. പ്രവീസ് മത്തിയാസ് CM നയിക്കുന്ന ഒരുക്കധ്യാനം നവം. 13, 14, 15 തിയതികളിൽ നടക്കും. തിരുനാൾ ദിവസങ്ങളിലും എല്ലാ വെള്ളിയാഴ്ചകളിലും കുമ്പസാരത്തിനും കൗൺസിലിംഗിനുമുള്ള സൗകര്യമുണ്ടായിരിക്കുമെന്നും ഇടവക വികാരി അറിയിച്ചു. നവം. 26 രാവിലെ 11 മണിക്ക് കുഞ്ഞുങ്ങളുടെ ആദ്യ ചോറൂട്ടും 11.30 മണിക്ക് തീർത്ഥാടകർക്ക് സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. നവം. 12 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ യു.എ.ഇ, അമേരിക്ക, ഖത്തർ, കുവൈറ്റ്, യു.കെ, ആസ്ട്രേലിയ, കാനഡ, ഇറ്റലി എന്നിവടങ്ങളിൽ വെട്ടുകാട് ഇടവാകാംഗങ്ങൾ ക്രിസ്തുരാജത്വ തിരുനാൾ ആഘോഷിക്കും.
ഈ വർഷത്തെ തിരുനാൾ ക്രമീകരണത്തിനായി വിവിധ വകുപ്പുകളെ ഏകോകിപിപ്പിച്ച് മന്ത്രിമാരുടെ നേതൃത്വത്തിലുള്ള യോഗവും, മാധ്യമ പ്രവർത്തകരുടെ യോഗവും ഇതിനകം നടന്നുകഴിഞ്ഞു.
തിരുനാൾ നോട്ടീസ് ⬇
https://drive.google.com/file/d/1on1lW9Q6Gb2gWM6lRo1FWX3SSowFvAZM/view?usp=sharing