പൂന്തുറ: വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും അത് യുവതലമുറയ്ക്കും സമൂഹത്തിലും ഉയർത്തുന്ന വെല്ലുവിളികൾ വളരെ വലുതാണ്. ലഹരിയിൽ നിന്നും അകലം പാലിച്ച് വിവിധ കലാകായിക വിനോദങ്ങളിൽ താല്പര്യം കാണിക്കാൻ കുട്ടികളെ സഹായിക്കുകയെന്ന ലക്ഷ്യത്തൊടെ കോവളം ഫെറോനയിൽ ചൈൽഡ് പാർലമെന്റിന്റെ നേതൃത്വത്തിൽ ഫുട്ബാൾ മത്സരം നടത്തി.
കോവളം ഫെറോനയിലെ കാക്കാമൂല, കാരയ്ക്കാമണ്ഡപം, പൂങ്കുളം, വിഴിഞ്ഞം, പൂന്തുറ എന്നീ ഇടവകകളിലെ കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ചൈൽഡ് പാർലമെന്റ് വോളന്റിയർ ഷെറിൻ ഉദ്ഘാടനം ചെയ്ത മത്സരത്തിൽ ലഹരിയെന്ന മഹാവിപത്ത് നമ്മുടെ ജീവിതത്തിൽ കടന്നുവരാതിരിക്കാൻ ഇത്തരം കലാകായിക വിനോദങ്ങൾ സഹായിക്കുമെന്നും അതുവഴി സമൂഹത്തിൽ നല്ലൊരു തലമുറ ഉയർന്നുവരുമെന്നും കോ-ഓർഡിനേറ്റർ കെവിൻ സന്ദേശത്തിൽ പറഞ്ഞു. പൂന്തുട സെന്റ്. തോമസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ പൂന്തുറ ഇടവക ഒന്നാം സ്ഥനവും കാക്കാമൂല ഇടവക രണ്ടാംസ്ഥാനവും കരസ്ഥമാക്കി. എക്സൈസ് ഓഫീസർ ഗിരീഷ് ബാലൻ സന്നിഹിതനായിരുന്നു.