മാഹി: മാഹി സെന്റ് തെരേസാ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ ബസിലിക്ക പ്രഖ്യാപനവും സമര്‍പ്പണവും ആഘോഷങ്ങളും 23 മുതല്‍ 25 വരെ നടക്കും. 23 ന് ഉച്ചയ്ക്ക് 12ന് കോഴിക്കോട് രൂപത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം ദൈവാലയത്തിനകത്ത് പ്രതിഷ്ഠിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന ദിവ്യബലിക്ക് ബിഷപ് ഡോ. ചക്കാലയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും.
24 ന് ഉച്ചകഴിഞ്ഞ് മൂന്നിന് വരാപ്പുഴ അതിരൂപത ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ കാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്ന് മാഹി ബസിലിക്കയുടെ പ്രഖ്യാപനവും സമര്‍പ്പണവും ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ നിര്‍വഹിക്കും. തലശേരി അതി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി വചനപ്രഘോഷണം നടത്തും. വൈകുന്നേരം അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം പുതു ച്ചേരി മുഖ്യമന്ത്രി എന്‍. രംഗസാമി ഉദ്ഘാടനം ചെയ്യും. കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മുഖ്യപ്രഭാഷണം നടത്തും. ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിക്കും. മാഹി എംഎല്‍എ രമേഷ് പറമ്പത്ത്, ഇടവക വികാരിയും റെക്ടറുമായ റവ. ഡോ. വിന്‍സെന്റ് പുളിക്കല്‍, സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ, മാഹി റീജിയണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവരാജ് മീണ, സാഹിത്യകാരന്‍ എം. മുകുന്ദന്‍, സിസ്റ്റര്‍ ഫിലോ, മാഹി പോലീസ് സൂപ്രണ്ട് രാജശേഖര്‍ വെള്ളാട്ട്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി രാജേഷ് ഡിസില്‍വ, കോഴിക്കോട് രൂപത വികാരി ജനറാള്‍ മോണ്‍. ജന്‍സണ്‍ പുത്തന്‍വീട്ടില്‍ എന്നിവര്‍ പ്രസംഗി ക്കും. സമാപന ദിനമായ 25 ന് വൈകുന്നേരം നാലിന് കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല കൃതജ്ഞതാ ദിവ്യബലി അര്‍പ്പിക്കും.
ബസിലിക്കയായതോടെ വര്‍ഷത്തില്‍ ആറു ദിവസങ്ങളിലായി ദണ്ഡവിമോചനം ദൈവാലയത്തില്‍ നടക്കും. എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്ന്, ഫെബ്രുവരി 24, ജൂണ്‍ 29, നവംബര്‍ 21, ഒക്ടോബര്‍ 15 എന്നീ ദിവസങ്ങളിലാണ് ഈ കര്‍മങ്ങള്‍ നടക്കുക. മാഹി തീര്‍ത്ഥാടന കേന്ദ്രത്തെ ബസിലിക്കയായി മാര്‍പാപ്പ നവംബര്‍ 21-നാണ് പ്രഖ്യാപിച്ചത്.