വെള്ളയമ്പലം: സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതിയിലെ അംഗവുമായ ധീരവനിത ആനിമസ്ക്രീനിന്റെ ജന്മദിനവും, KLCWA-യുടെ സ്ഥാപകദിനവും ഇന്ന് തിരുവനന്തപുരത്ത് വിവിധ പരിപാടികളോടെ ആചരിച്ചു. കേരളത്തിലെ 12 ലത്തീൻ രൂപതകളിലെ വനിതാമുന്നേറ്റം സാദ്ധ്യമാക്കാൻ നേതൃത്വപരമായ പങ്കുവഹിക്കുന്ന വനിതാ പ്രസ്ഥാനമാണ് KLCWA.
ദിനാചരണവുമായി ബന്ധപ്പെട്ട് രാവിലെ 6 മണിക്ക് വെള്ളയമ്പലം സെന്റ്. തെരേസ ദേവാലയത്തിൽ അനുസ്മരണ ദിവ്യബലി നടന്നു. തുടർന്ന് വഴുതക്കാട് ആനിമസ്ക്രീൻ സ്ക്വയറിൽ KLCWA- ന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. ആനിമസ്ക്രീന്റെ ധീരമായ പോരാട്ടങ്ങൾ വനിതകൾ എന്നും മാതൃകയാക്കണമെന്ന് തദവസരത്തിൽ തിരുവനന്തപുരം അതിരൂപത വികാരിജനറൽ മോൺ. യൂജിൻ എച്ച്. പെരേര പറഞ്ഞു.
തുടർന്ന് വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ KLCWA സംസ്ഥാന പ്രസിഡന്റ് ഷേർളി സ്റ്റാൻലിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം ശ്രീമതി ദിവ്യ എസ്. അയ്യർ IAS ഉദ്ഘാടനം ചെയ്തു. പ്രസ്തുതപരിപാടിയിൽ റവ. മോൺ. യൂജിൻ എച്ച്. പെരേര സ്ഥാപനദിന സന്ദേശം നല്കി. KRLCC ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഫാ. തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. സുജ കരുണേഷ് ‘സ്ത്രീ പങ്കാളിത്തം രാഷ്ട്രീയ നിർമിതിയിൽ’ എന്ന വിഷയം അവതരിപ്പിച്ചു. അതിരൂപത അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. മൈക്കിൾ തോമസ്, KRLCC സംസ്ഥാന സെക്രട്ടറി ശ്രീ. പാട്രിക് മൈക്കിൾ, KLCWA അതിരൂപത പ്രസിഡന്റ് ശ്രീമതി ജോളി പത്രോസ്, പുനലൂർ രൂപത KLCWA ഡയറക്ടർ സിസ്റ്റർ ലാൻസിൻ SRA എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ശ്രീമതി വിമല സ്റ്റാൻലി സ്വാഗതവും ശ്രീമതി പ്രസന്ന പി. എൽ കൃതജ്ഞതയുമേകി.