പൊഴിയൂർ തെക്കേ കൊല്ലങ്കോട് മതബോധന സമിതിയുടെ ആഭിമുഖ്യത്തിൽ ബിബ്ലിയ-2023 ബൈബിൾ എക്സിബിഷൻ സംഘടിപ്പിച്ചു. അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് ആർ- ന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിക്ക് ശേഷം അദ്ദേഹം എക്‌സിബിഷൻ ഉദ്ഘാടനം ചെയ്തു. ഏപ്രിൽ 23,24 തിയതികളിൽ സെന്റ്. മാത്യൂസ് ഹൈസ്കൂളിൽ വച്ച് രാവിലെ 10 മണിമുതൽ വൈകിട്ട് 7 മണിവരെവയാണ് എക്സിബിഷൻ നടന്നത്.
വിശുദ്ധ ബൈബിൾ എന്ന രക്ഷാകര ചരിത്രത്തിൽ കർത്താവു നയിച്ച ദൈവജനവും പ്രവാചകന്മാരും വിശുദ്ധരും കടന്നുപോയ വഴികൾ ദൃശ്യരൂപത്തിൽ പുനരാവിഷ്ക്കരിക്കുകയായിരുന്നു എക്സിബിഷനിലൂടെ. ഉല്പത്തി മുതൽ വെളിപാട് വരെയുള്ള ബൈബിൾ സംഭവങ്ങളുടെ ചിത്രീകരണം, പെയിന്റിങ്ങുകൾ, വിശുദ്ധരുടെ തിരുശേഷിപ്പുകൾ, വ്യത്യസ്ത രൂപങ്ങൾ, ചിത്രങ്ങൾ, മാതാവിന്റെ വിവിധ ചിത്രങ്ങളും രൂപങ്ങളും, വ്യത്യസ്ത ഭാഷകളിലെ വിവിധതരം ബൈബിളുകൾ, കൈയെഴുത്തു പ്രതികൾ, വിവിധ ഇനം ജപമാലകൾ, കുരിശുരൂപങ്ങൾ, വിവിധ രാജ്യങ്ങൾ പുറത്തിറക്കിയ കുരിശിന്റെ വഴിയുടെ സ്റ്റാമ്പുകൾ, യേശുവിന്റെയും വിശുദ്ധരുടെയും ചിത്രമുള്ള അപൂർവ്വം കറൻസികൾ, നാണയങ്ങൾ, സ്റ്റാമ്പുകൾ, വചനശേഖരം വിവിധ ഭാഷകളിലും രൂപങ്ങൾ എന്നിവ ബൈബിൾ എക്സിബിഷൻ പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചു.
ഇടവക വികാരി ഫാ. ആന്റോ ജോറിസ്, ഇടവക മതബോധന സമിതി ഹെഡ്മാസ്റ്റർ റൂബന്റ് എം, പ്രോഗ്രാം കൺവീനർ സെൽവരാജ് ജോസഫ്, സെക്രട്ടറി ശ്രീമതി പ്രിൻസി ആർ, ശ്രീ. മാത്യൂസ് വിൻസെന്റ് എന്നിവർ നേതൃത്വം നൽകിയ എക്സിബിഷനിൽ മതബോധന അധ്യാപകരുടെയും വിദ്യാർഥികളുടെയും സഹായ സഹകരണത്തോടെയാണ് എക്സിബിഷൻ നടന്നത്. നിരവധിപേർ മറ്റിടവകകളിൽ നിന്നും എക്സിബിഷൻ കാണാനെത്തി.