തയ്യാറാക്കിയത്: നീതു എസ്. എസ്. ജേർണലിസം വിദ്യാർത്ഥി
‘വിദ്യാധനം സർവ്വധനാൽ പ്രധാനം ‘ ഭാവി രാഷ്ട്രത്തിന്റെ വാഗ്ദാനങ്ങളായ തലമുറയ്ക്ക് വിദ്യാഭ്യാസം എത്രത്തോളം പ്രാധാന്യമുള്ളതാണോ അത്രത്തോളം പ്രാധാന്യം ഉള്ളവരാണ് അവർക്ക് വിദ്യ പകർന്നു നൽകുന്ന അധ്യാപകരും. കഴിഞ്ഞ 29 വർഷമായി അധ്യാപക ജീവിതം നയിക്കുന്ന സെൽവരാജ് എന്ന അധ്യാപകനെ തേടിയെത്തിയിരിക്കുകയാണ് 2021ലെ മികച്ച അധ്യാപകനുള്ള കേരള സംസ്ഥാന പുരസ്കാരം. 1992 മുതൽ അദ്ധ്യാപക ജീവിതം ആരംഭിച്ച ഇദ്ദേഹം 2006 മുതൽ പ്രഥമ അദ്ധ്യാപകനായും കഴിഞ്ഞ ഒരു വർഷമായി കോട്ടപ്പുറം സെൻമേരിസ് എൽപി സ്കൂളിലെ പ്രധാന അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു വരികയാണ്. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലെ വ്യത്യസ്തമായ മികവാണ് അദ്ദേഹത്തെ ഈ അംഗീകാരത്തിന് അർഹനാക്കിയത്.
1969 മെയ് 31ന് ജോസഫ് സൂസ മേരി ദമ്പതികളുടെ ആറുമക്കളിൽ ഒന്നാമനായി ജനിച്ച ഇദ്ദേഹം തെക്കേ കൊല്ലംകോട് സ്വദേശിയാണ്. ഏഴാം ക്ലാസ് വരെ പൊഴിയൂർ ഗവൺമെന്റ് യുപി സ്കൂളിലും എട്ടു മുതൽ 10 വരെ വലിയതുറ ഫിഷറീസ് സ്കൂളിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം ടി ടി സി പഠനം പൂർത്തിയാക്കിയത് പാലക്കാട് എസ് പി ജി ടി ടി ഐ കോളേജിൽ ആണ്. 1992 ൽ പരുത്തിയൂർ സെൻമേരിസ് എൽപി സ്കൂളിൽ വച്ചാണ് അദ്ദേഹം തന്റെ അധ്യാപക ജീവിതം ആരംഭിച്ചത്. 2006 വരെ സെന്റ് ജോസഫ് എച്ച് എസ് എസ് അഞ്ചുതെങ്ങ്, ഹോളിക്രോസ് പാലപ്പൂർ, ആർ സി എൽ പി എസ് ഉച്ചക്കട, സെന്റ് മൈക്കിൾ എച്ച് എസ് എസ് കഠിനംകുളം, സെന്റ് ആന്റണീസ് എൽപിഎസ് പൂഴിക്കുന്ന് എന്നീ സ്കൂളുകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2006 മുതൽ ശംഖുമുഖം സെന്റ് പീറ്റേഴ്സ് എൽപി സ്കൂളിലെ പ്രഥമാധ്യാപകൻ ആയി നിയമിക്കപ്പെട്ടു. സെൽവരാജ് സ്കൂളിൽ അധ്യാപകനായി നിയമിക്കപ്പെടുന്ന കാലത്ത് പ്രൈവറ്റ് എൽപിഎസ് ശംഖുമുഖം എന്നായിരുന്നു സ്കൂളിന്റെ പേര്. സെൽവരാജിന്റെ വരവോടുകൂടി ഇടവകയുമായി ചേർന്ന് സെന്റ് പീറ്റേഴ്സ് എൽ പി എസ് എന്ന പേരിലേക്ക് മാറുകയും ചെയ്തു. അതിനുശേഷം സെന്റ് വെറോണിക്ക എൽപിഎസ് ചിറയിൻകീഴ്, സെന്റ് മേരീസ് എൽപിഎസ് പരുത്തിയൂർ, സെന്റ് ആന്റണീസ് എൽപിഎസ് പൂഴിക്കുന്ന്, സെന്റ് ആൻഡ്രൂസ് യുപിഎസ് ചിറ്റാറ്റുമുക്ക്, ആർ സി എൽ പി എസ് കല്ലിൽ എന്നിവിടങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഇപ്പോൾ അദ്ദേഹം കോട്ടപ്പുറം സെൻമേരിസ് എൽപി സ്കൂളിലെ പ്രഥമാധ്യാപകൻ ആണ്. കഴിഞ്ഞ 30 വർഷമായി മതബോധന രംഗത്തും നിറസാന്നിദ്ധ്യമാണ് ഇദ്ദേഹം. അധ്യാപകൻ മാത്രമല്ല ഒരു നാടകകൃത്തും നാടക അഭിനേതാവും കൂടിയാണ്.
ചരിത്രത്തിന്റെ ഭാഗമായി മാറിയ ധാരാളം നാണയങ്ങളുടെയും നോട്ടുകളുടെയും സ്റ്റാമ്പുകളുടെയും ശേഖരവും ഈ പ്രഥമ അധ്യാപകന്റെ പക്കലുണ്ട്.
വിദ്യാർത്ഥിയായിരുന്ന കാലഘട്ടത്തിൽ തീപ്പട്ടി, സിഗരറ്റ് എന്നിവയുടെ കൂടുകൾ ശേഖരിച്ച് കൊണ്ട് തന്റെ ശേഖരണ വിനോദത്തിന് തുടക്കമിട്ട സെൽവരാജ് പിന്നീട് നോട്ടുകളും നാണയങ്ങളും സ്റ്റാമ്പുകളും തന്റെ ശേഖരണത്തിൽ ഉൾപ്പെടുത്താൻ തുടങ്ങി.തന്റെ ശമ്പളത്തിന്റെ നല്ലൊരു ഭാഗം ചെലവഴിച്ചു കൊണ്ടാണ് അദ്ദേഹം ഈ അപൂർവ ശേഖരം വിപുലപ്പെടുത്തിയത്. റിസർവ് ബാങ്ക് പുറത്തിറക്കിയ 150 രൂപയുടെ നാണയം വാങ്ങാൻ ഇദ്ദേഹം ചിലവാക്കിയത് 7000 രൂപയാണ്. ഇത്തരത്തിൽ ലോകത്തിലെ ഏറ്റവും ചെറിയ നാണയം ഉൾപ്പെടെ യേശുക്രിസ്തുവിനെ ഒറ്റുകൊടുക്കാൻ ഉപയോഗിച്ച നാണയവും ലോകത്തിലെ ആദ്യത്തെ ഒട്ടിക്കാവുന്ന സ്റ്റാമ്പ് ആയ പെന്നി ബ്ലാക്ക്, ആർബിഐയുടെ 75 രൂപ നാണയം, ശ്രീനാരായണ ഗുരുവിന്റെ ജന്മ ശതാബ്ദിയോട് അനുബന്ധിച്ച് പുറത്തിറക്കിയ 100 രൂപ നാണയം എന്നിവയും വിശുദ്ധ അൽഫോൻസാമ്മയുടെ തിരുശേഷിപ്പും ഇദ്ദേഹത്തിന്റെ ശേഖരണത്തിന് മാറ്റുകൂട്ടുന്നു. വിവിധ രാജ്യങ്ങളിലെ മഹാപുരുഷന്മാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത സ്റ്റാമ്പുകളും ക്രിസ്തുമസ് പുതുവത്സര കാലഘട്ടങ്ങളിൽ മാത്രം പുറത്തിറക്കിയിരുന്ന പ്രത്യേക സ്റ്റാമ്പുകളും ഇദ്ദേഹത്തിന്റെ ശേഖരണത്തിലെ പ്രത്യേകതയാണ്. ഇവയിൽ ഏറ്റവും ശ്രദ്ധേയമായത് നടുക്കടലിൽ രണ്ടു തൂണുകളിൽ സ്ഥിതി ചെയ്യുന്ന സീലാൻഡ് എന്ന ചെറു രാജ്യത്തിന്റെ നാണയമാണ്. തന്റെ ശേഖരണങ്ങൾ എല്ലാം കൂട്ടിച്ചേർത്തുകൊണ്ട് ‘വിസ്മയം കാഴ്ച’ എന്ന എക്സിബിഷനും സംഘടിപ്പിക്കാറുണ്ട്.
വിദ്യാർത്ഥികളുടെ ബുദ്ധി വികസനത്തിനും മാനസികോല്ലാസത്തിനും ഉണർവ് നൽകാൻ സാധിക്കുന്ന ഒറിഗാമി എന്ന ജപ്പാൻ കലയുടെ പരിശീലനകൻ കൂടിയാണ് അദ്ദേഹം. പശ ഉപയോഗിച്ച് ഒട്ടിക്കാതെയും കത്രിക കൊണ്ട് മുറിക്കാതെയും പേപ്പറിൽ വിവിധ രൂപങ്ങൾ ഉണ്ടാക്കിയെടുക്കുന്നതാണ് ഒറിഗാമി. ഇതിനുപുറമെ ഓൺലൈൻ ക്ലാസ്സുമായി ബന്ധപ്പെട്ട് കേരള സർക്കാർ സംഘടിപ്പിച്ച ‘മക്കൾക്കൊപ്പം’ എന്ന പരിപാടിയുടെ പരിശീലകൻ കൂടിയാണ് ഇദ്ദേഹം.
തനിക്ക് ലഭിച്ച അംഗീകാരത്തിൽ സന്തുഷ്ടനാണെന്നും, ഓരോ വിദ്യാർത്ഥിയെയും അദ്ധ്യാപകൻ സ്വന്തം കുഞ്ഞുങ്ങളെ പോലെയാണ് കാണേണ്ടതെന്നും, അധ്യാപകർ അറിവിനൊപ്പം തന്നെ തിരിച്ചറിവും നൽകണമെന്നും സെൽവരാജ് പറഞ്ഞു.. തീരദേശ മേഖലയ്ക്കാകെ ഈ പ്രവർത്തനങ്ങൾ ഒരു പ്രചോദനമായി മാറാൻ കഴിയുമെന്നാണ് തന്റെ വിശ്വാസം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.