ശാന്തിപുരം ഇടവകയിൽ രണ്ടാംഘട്ട ഹോം മിഷൻ പ്രവർത്തനങ്ങൾക്ക് 25-ാം തീയതി ഞായറാഴ്ച അതിരൂപത അധ്യക്ഷൻ ഡോ. തോമസ് ജെ. നെറ്റോ പിതാവ് സമാപനം കുറിച്ചു. അതിരൂപത സഹായ മെത്രാൻ ക്രിസ്തുദാസ് ആർ – ന്റെ മുഖ്യ കാർമ്മികത്വത്തിൽ ജൂൺ 14-നാണ് ഇടവകയിൽ കുടുംബകേന്ദ്രീകൃത അജപാലയജ്ഞത്തിന്റെ രണ്ടാം ഘട്ടത്തിനു തുടക്കം കുറിച്ചത്.
അതിരൂപതയിൽ ശുശ്രൂഷ ചെയ്യുന്ന വിവിധ സന്യാസ ഭവനങ്ങളിൽ നിന്നുള്ള 20 സന്യസ്തർ ഇടവകയിലെ കുടുംബങ്ങളെ സന്ദർശിക്കുകയും അജപാലന ദൗത്യത്തിൽ പങ്കുചേരുകയും ചെയ്തു. സന്ദർശന വേളയിൽ കണ്ടെത്തിയ കരുത്തുകൾ, നിരീക്ഷണങ്ങൾ, വെല്ലുവിളികൾ ശുശ്രൂഷാ അടിസ്ഥാനത്തിൽ റിപ്പോർട്ടായി അതിരൂപത അധ്യക്ഷന്റെ സാന്നിദ്ധ്യത്തിൽ ഇടവക ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയും ഇടവക വികാരിക്ക് കൈമാറുകയും ചെയ്തു.
മൂന്നാംഘട്ട പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുവാൻ ഇടവക വികാരിയോടൊപ്പം ഇടവക മക്കളും കൈകോർത്ത് പ്രേഷിത പ്രവർത്തനങ്ങൾക്ക് മാറ്റുകൂട്ടണമെന്ന് അതിരൂപത അധ്യക്ഷൻ പറഞ്ഞു. ഇടവകയ്ക്കുള്ള കരുത്തുകൾ ഏറെ പ്രശംസ അർഹിക്കുന്നതും അതിൽ അഭിമാനം കൊള്ളണമെന്നും, ഹോം മിഷൻ പ്രവർത്തനങ്ങളിലൂടെ നാം നമ്മെ തന്നെയും നമ്മുടെ കുടുംബത്തെയും കൂടുതൽ ആഴത്തിൽ മനസിലാക്കിയതായും ഇനി നാം എന്ത് ചെയ്യണം, എന്തിനു മുൻതൂക്കം നൽകണമെന്നും ഓർമ്മിപ്പിച്ചു.
മുൻഗണന ക്രമത്തിൽ കണ്ടെത്തിയ കാര്യങ്ങൾ ഇടവക വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് മൂന്നാംഘട്ട പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കാൻ ശ്രമിച്ചുകൊണ്ട് നിർഭയം സാക്ഷ്യം നൽകി ക്രിസ്തുവിന്റെ പ്രേഷിത ദൗത്യത്തിൽ പങ്കുകാരാകണമെന്നും സന്ദേശം നൽകികൊണ്ട് കത്തിച്ചതിരി ഇടവക വികാരിക്കും പാരിഷ് കൗൺസിൽ അംഗങ്ങൾക്കും നൽകി. ഹോം മിഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ബി. സി.സി. എകസിക്യൂട്ടീവ് സെക്രട്ടറി ഫാ.ഡാനിയേൽ, ഇടവക വികാരി ഫാ. ഷൈനിഷ് ബോസ്ക്കോ, ഇടവക പാരിഷ് കൗൺസിൽ അംഗങ്ങൾ, ഇടവകയിൽ സേവനം ചെയ്യുന്ന സെന്റ്. ആൻസ് സന്യാസ സമൂഹത്തിലെ സുപ്പീരിയർ സി. മേരി മാർഗ്രറ്റിനും മറ്റ് സന്യാസിനികൾക്കും, ഭവനങ്ങൾ സന്ദർശിച്ച എല്ലാ സന്യസ്തർക്കും മെത്രാൻ കൃത ജ്ഞതയർപ്പിച്ചു.