തിരുവനന്തപുരം അതിരൂപതയില്‍ പുല്ലുവിള ഫെറോനയിലെ നമ്പ്യാതി – കരിച്ചല്‍ ദൈവാലയങ്ങളില്‍ സംയുക്തമായി കുടുംബ കേന്ദ്രീകൃത അജപാലന യജ്ഞം 2023 ജൂലൈ മാസം 8-ാം തീയതി മുതല്‍ 16-ാം തീയതി വരെ നടന്നു. അതിരൂപതയില്‍ സേവനം ചെയ്യുന്ന വിവിധ സന്യാസ ഭവനങ്ങളില്‍ നിന്നും പ്രത്യേകം പരിശീലനം സിദ്ധിച്ച 17 സന്യാസിനിമാരുടെ സഹായത്തോടെ നടന്ന കുടുംബ കേന്ദ്രീകൃത അജപാലന യജ്ഞത്തിന്‍റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ജൂലൈ 16-ാം തീയതി വൈകുന്നേരം അതിരൂപത സഹായമെത്രാന്‍ ക്രിസ്തുദാസ് ആർ-ന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയോടെ സമാപിച്ചു.
സന്ദര്‍ശനവേളയില്‍ സന്യസ്തരോട് പങ്കുവയ്ക്കപ്പെട്ട അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഹോം മിഷന്‍ ടീം തയ്യാറാക്കിയ റിപ്പോര്‍ട്ട് ദിവ്യബലി മദ്ധ്യേ ഇടവക ജനങ്ങളെ അറിയിക്കുകയും റിപ്പോര്‍ട്ട് സഹായമെത്രാന് ടീം അംഗങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. സഹായമെത്രാൻ ഹോം മിഷന് വേണ്ടി ത്യാഗപൂര്‍വ്വം മുന്നോട്ട് വന്ന സിസ്റ്റേഴ്സിനെ പ്രത്യേകം അഭിനന്ദിക്കുകയും അവരുടെ കണ്ടെത്തലുകള്‍ നമ്പ്യാതി – കരിച്ചല്‍ ഇടവകകളുടെ തുടര്‍ന്നുള്ള യാത്രയില്‍ വഴി കാട്ടിയാകുമെന്ന് പ്രത്യാശിക്കുന്നതായി പറഞ്ഞു.
നമ്പ്യാതി – കരിച്ചല്‍ ഇടവകകള്‍ തൊഴില്‍ – വിദ്യാഭ്യാസ മേഖലകളില്‍ വളര്‍ച്ചയുടെ പാതയിലാണ്. നല്ല നിലത്ത് വീണ വിത്ത് നൂറുമേനി ഫലം പുറപ്പെടുവിക്കുന്നു. ഇടവകയിലെ ജനങ്ങളെ സംബന്ധിച്ച് നമ്പ്യാതി – കരിച്ചല്‍ ഇടവകകള്‍ നല്ല നിലമാണെന്നും, 2010 നു ശേഷം നമ്പ്യാതി – കരിച്ചല്‍ വിശ്വാസസമൂഹത്തിന് ഉണ്ടായ വളര്‍ച്ച അതിനു തെളിവാണെന്നും വചന വിചിന്തനവേളയില്‍ പിതാവ് അഭിപ്രായപ്പെട്ടു.
നൂറുമേനി ഫലം പുറപ്പെടുവിക്കുവാന്‍ പരിശ്രമിക്കുക എന്നത് ഓരോ ക്രിസ്തു ശിഷ്യന്‍റെയും ആത്യന്തികമായ ലക്ഷ്യമാണെന്നും പിതാവ് ഓര്‍മ്മപ്പെടുത്തി. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇടവക വികാരിക്കും ഇടവക കൗണ്‍സില്‍ അംഗങ്ങള്‍ക്കും കത്തിച്ച തിരികള്‍ നല്‍കിയും പ്രാര്‍ഥന ചൊല്ലിയും മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ കഴിയുന്നത്ര വേഗത്തില്‍ ആരംഭിക്കാന്‍ സാധിക്കട്ടെയെന്ന് അതിരൂപത ബി.സി.സി. ടീം അംഗങ്ങളുടെ നാമത്തില്‍ ബി.സി.സി. എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡാനിയേല്‍ ആശംസിച്ചു.