തിരുവനന്തപുരം അതിരൂപതയുടെ പ്രധാന ഘടകമാണ് അതിരൂപതയിൽ സേവനമനുഷ്ഠിക്കുന്ന സന്യസ്തരെന്ന് അതിരൂപത അധ്യക്ഷൻ ഡോ. തോമസ് ജെ നെറ്റോ. അതിരൂപതയുടെ പ്രാദേശിക സഭയിൽ പ്രധാന സ്ഥാനമാണ് സന്യസ്ഥർക്കുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമർപ്പണ തിരുനാളിനോട് അനുബന്ധിച്ച് അതിരൂപതയിൽ സംഘടിപ്പിച്ച സന്യസ്ഥ ദിനാഘോഷത്തിന്റെ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമർപ്പിതരും തിരുവനന്തപുരം അതിരൂപതയും തമ്മിൽ നീണ്ട വർഷങ്ങളുടെ ബന്ധമാണുള്ളത്. 1937-ൽ അതിരൂപത സ്ഥാപിതമായെങ്കിലും അതിനു മുന്നേ തന്നെ സന്യസ്ഥരുടെ പ്രാതിനിധ്യം ഇവിടെ ഉണ്ടായിരുന്നതായും അദ്ദേഹം ഓർമിപ്പിച്ചു. 140 ദിവസം നീണ്ടു നിന്ന വിഴിഞ്ഞം സമരത്തിലും തിരുവനന്തപുരത്തെ ജനങ്ങളോട് കൂടുതൽ ആഭിമുഖ്യവും സ്നേഹവും കരുതലും പ്രകടിപ്പിക്കുന്ന സന്യാസ സമൂഹങ്ങൾ അതിരൂപതയ്ക്ക് എന്നും മുതൽക്കൂട്ടാണെന്നും, സന്യസ്ഥദിനാഘോഷത്തിൽ എല്ലാവരെയും ഒരുമിച്ചു കൂട്ടിയത് അതിനോടുള്ള സ്നേഹാദരവായാണെന്നും അദ്ദേഹം പറഞ്ഞു.
അതിരൂപതയിലെ പ്രാദേശികമായ എല്ലാ തലങ്ങളിലും പ്രശ്നങ്ങളിലും പ്രതിസന്ധികളിലും ക്രിസ്തുവിന്റെ സുവിശേഷവുമായി കടന്നു ചെല്ലുന്നവരാണ് സന്യസ്ഥരെന്നും ക്രിസ്തു രഹസ്യം ജീവിതത്തിലൂടെ പ്രകാശിപ്പിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. സന്യസ്ത്യർക്ക് അനേകം വ്യത്യസ്ത രൂപങ്ങൾ ഉണ്ട്. വ്യത്യസ്തതകൾ ഉൾക്കൊള്ളുന്ന സന്യാസ സമൂഹങ്ങൾ അനേകം ശാഖകൾ ഉള്ള വൃക്ഷമാണ്. വൃക്ഷത്തിലെ എല്ലാ ശാഖകളും പുറപ്പെടുവിക്കുന്ന ഫലം ഒന്നുതന്നെയാണ്. വ്യത്യസ്തതകളോടുകൂടി അതിരൂപത സന്യസ്ഥരെ അംഗീകരിക്കുന്നുവെന്നും, അതിരൂപതയിൽ സമഗ്രമായി പ്രവർത്തിക്കുന്നതിനായി അവസരം ഒരുക്കുന്നുവെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സന്യസ്ഥ സഭ സ്ഥാപിതമായപ്പോഴുള്ള ഉൾക്കാഴ്ച ഉൾക്കൊണ്ടുകൊണ്ട് മാറിവരുന്ന സാഹചര്യത്തിൽ എപ്രകാരം മുന്നോട്ട് പ്രവർത്തിക്കാൻ ആകുമെന്ന ചിന്ത ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടു നീങ്ങാമെന്നും അദ്ദേഹം ഓർമിപ്പിച്ചു. അതിരൂപത്തിൽ പ്രവർത്തിക്കുന്ന 77 സന്യാസ സഭകളിൽ നിന്നും 150 സന്യസ്ഥർ സന്യസ്ഥദിന കൂട്ടായ്മയിൽ പങ്കെടുത്തു.