അതിരൂപത കുടുംബശുശ്രൂഷയുടെ ആഭിമുഖ്യത്തിൽ കൊച്ചുതോപ്പിൽ സംഘടിപ്പിച്ച ലീഡേഴ്‌സ് ട്രെയിനിങ് പ്രോഗ്രാം തിരുവനന്തപുരം അതിരൂപതാ കുടുംബശുശ്രൂഷാ ഡയറക്ടര്‍ റവ. ഫാ. ക്രിസ്റ്റില്‍ റൊസാരിയോ ഉദ്ഘാടനം ചെയ്തു. ജൂണ്‍ മാസം 11-ാം തിയതി ഫാത്തിമാ മാതാ കൊച്ചുതോപ്പില്‍ വച്ചാണ് പരിശീലന പരിപാടി നടന്നത്. വലിയതുറ ഫെറോനാ വികാരി ഫാ. ഹൈസിന്ത് എം നായകം പരിപാടിയിൽ അധ്യക്ഷനായിരുന്നു. അതിരൂപതാ കുടുംബശുശ്രൂഷാ ഡയറക്ടര്‍ ഫാ. ക്രിസ്റ്റില്‍ റൊസാരിയോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയും, ഫാ. അജോ സിഎംഫ് – ന്റെ നേതൃത്വത്തിൽ ആരാധനയും നടന്നു.
അതിരൂപതാ സഹായമെത്രാന്‍ ഡോ.ക്രിസ്തുദാസ് ആർ ഫെറോനാ കുടുംബശുശ്രൂഷാ അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു. ഫാ. ജോയി ജെ കപ്പൂച്ചിന്‍ നേതൃത്വ പരിശീലന ക്ലാസ്സ് നയിച്ചു. ഫെറോനാ കോ ഓര്‍ഡിനേറ്റര്‍ ഫാ. ഡീജോ പത്രോസ്, ഫെറോനാ കണ്‍വീനര്‍ അജി ആഗ്നസ്, ഫെറോനാ സെക്രട്ടറി സതി സോളമന്‍, വലിയതുറ ഫെറോനാ ആനിമേറ്റര്‍ ആന്റണി പത്രോസ് എന്നിവര്‍ സംസാരിച്ചു.
എല്ലാ മാസവും വലിയതുറ ഫെറോനയിലെ ഓരോ ഇടവകയില്‍ നിന്നും ഒരു സാമ്പത്തിക ബുദ്ധിമുട്ടുള്ള ഒരു രോഗിയ്ക്ക് സഹായം നല്‍കുന്ന പദ്ധതിക്കും നവോമി ഫോറത്തിന് സഹായകരമായ രീതിയില്‍ മെഴുകുതിരി നിര്‍മ്മാണ യൂണിറ്റിനും ആരംഭം കുറിച്ചു. പദ്ധതികളുടെ ഔദ്യോഗിക ഉദ്ഘാടനം ഫാ. ഹൈസിന്ത് എം നായകം നിര്‍വ്വഹിച്ചു.