വത്തിക്കാൻസിറ്റി∙ ദരിദ്രരെയും അപരിചിതരെയും സഹായിക്കണമെന്നും അവരെ തള്ളിക്കളയുന്നത് ദൈവത്തെ തള്ളിക്കളയുന്നതിന് തുല്യമാണെന്നും ഓര്‍മിപ്പിച്ച് ലിയോ പാപ്പ. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ക്രിസ്മസ് ദിവ്യബലി അർപ്പിച്ചുകൊണ്ട് വിശ്വാസികള്‍ക്ക് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സഹായം ആവശ്യമുള്ളവരെ സഹായിക്കാത്തത് ദൈവത്തെ നിരസിക്കുന്നതിനു തുല്യമാണെന്ന് പാപ്പ പറഞ്ഞു. യേശുവിന്റെ ജനനത്തിലൂടെ ഓരോ വ്യക്തിയിലുമുള്ള ദൈവസാന്നിധ്യം തെളിയിക്കപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക തിരുപ്പിറവി ശുശ്രൂഷകള്‍ നടന്നു. പാളയം സെന്‍റ് ജോസഫ് കത്തീഡ്രലില്‍ നടന്ന തിരുപ്പിറവി ചടങ്ങുകള്‍ക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ നേതൃത്വം നല്‍കി. ക്രൈസ്തവ വിശ്വാസികള്‍ക്ക് എതിരായ ആക്രമണം കൂടിവരികയാണെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ പറഞ്ഞു. സമാധാനം ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ക്രിസ്തു ഹൃദയങ്ങളിലാണ് പിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

