വലിയതുറ: സെന്റ് സേവിയേഴ്സ് പ്രൈവറ്റ് ഐ.ടി.ഐ-യിൽ നടന്ന കോൺവോക്കേഷൻ ചടങ്ങ് അക്കാദമിക്, കായിക മികവുകൾ കൊണ്ട് ശ്രദ്ധേയമായി. ഡ്രാഫ്റ്റ്സ് മാൻ, സിവിൽ ട്രേഡ് തിയറി പരീക്ഷയിൽ നൂറിൽ നൂറ് മാർക്ക് നേടി സ്ഥാപനത്തിന് അഭിമാനമായ ശ്രീ. അൻസർ എസ്. ചടങ്ങിലെ മുഖ്യ ആകർഷണമായി. ഒക്ടോബർ 14, ചൊവ്വാഴ്ച നടന്ന കോൺവോക്കേഷൻ ചടങ്ങിൽ ദേശീയ തൊഴിൽ പരിശീലന കൗൺസിൽ (NCVT) നൽകുന്ന നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റുകൾ (എൻ.ടി.സി) വിതരണം ചെയ്യുകയും ഉന്നത വിജയം കരസ്ഥമാക്കിയ ട്രെയിനികളെ അനുമോദിക്കുകയും ചെയ്തു.
ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിൽ 86% മാർക്കോടെ ശ്രീ. വിനയ് കൃഷ്ണൻ യു.ബി, ഡ്രാഫ്റ്റ്സ് മാൻ സിവിൽ ട്രേഡിൽ 84% മാർക്കോടെ ശ്രീ. അൻസർ എസ്., പ്ലംബർ ട്രേഡിൽ 71% മാർക്കോടെ ശ്രീ. ലിജിത്ത് എഫ്. എന്നിവരാണ് ഉന്നത വിജയം കരസ്ഥമാക്കിയത്. ട്രേഡ് തിയറിയിൽ സമ്പൂർണ്ണ മാർക്ക് നേടിയ ശ്രീ. അൻസർ എസ്സിനെ പ്രത്യേക മെമെന്റോയും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു.
ചടങ്ങിൽ അതിരൂപത സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. ആഷ്‌ലിൻ ജോസ്, അസി. ഡയറക്ടർ ഫാ. രാജീഷ് വി. രാജൻ, പ്രിൻസിപ്പൽ ജയരാജ് ജെ, ഗ്രൂപ്പ് ഇൻസ്ട്രക്ടർ കിംഗ്സ്ലി ദാസ് എന്നിവർ പങ്കെടുത്തു. ഗ്ലോബൽ ഐ.പി.സി.എസ്, ട്രിവാൻഡ്രം -ൽ ഇന്റൻഷിപ്പ് പൂർത്തിയാക്കിയ ട്രെയിനികൾക്കുള്ള സർട്ടിഫിക്കറ്റുകളും ഈ വേദിയിൽ വെച്ച് വിതരണം ചെയ്തു. ഡിസ്ട്രിക്ട് ഇൻ്റർ പ്രൈവറ്റ് ഐ.ടി.ഐ സ്പോർട്സിൽ രണ്ടാം സ്ഥാനം നേടിയ ടീമിനുള്ള ട്രോഫി പ്രദർശിപ്പിച്ചു. വിജയികളായ കായിക താരങ്ങളെയും ചടങ്ങിൽ അഭിനന്ദിച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.