വെള്ളയമ്പലം: പൂനമല്ലി സേക്രട്ട് ഹാർട്ട് സെമിനാരിയിലെ 37 ഡീക്കന്മാർ തിരുവനന്തപുരം അതിരൂപതയിൽ അജപാലന പരിശീലനം പൂർത്തിയാക്കി. ആഗസ്റ്റ് 11-ാം തിയതി തിങ്കളാഴ്ച ആരംഭിച്ച പരിശീലനം 16-ാം തീയതി ശനിയാഴ്ച അവസാനിച്ചു. അതിരൂപതയിലെ ബിസിസി സംവിധാനം, വിവിധ ശുശ്രൂഷകളുടെ പ്രവർത്തനം എന്നിവയെക്കുറിച്ചുള്ള അറിവും അനുഭവവും ശുശ്രൂഷ ഡയറക്ടർമാരും കമ്മിഷൻ സെക്രട്ടറിമാരും പങ്കുവച്ചു.
ആർച്ച്ബിഷപ്പ്, സഹായ മെത്രാൻ, വികാർ ജനറൽ, ജുഡീഷ്യൽ വികാർ തുടങ്ങിയവർ ഡീക്കന്മാർക്കു വേണ്ടി ദിവ്യബലി അർപ്പിച്ച് അനുഭവങ്ങൾ പങ്കുവച്ചു. 15-ാം തിയതി നടന്ന വിഴിഞ്ഞം ഇടവക സന്ദർശനം ഡീക്കമാർക്ക് പ്രത്യേക അനുഭവം സമ്മാനിച്ചതായി വിലയിരുത്തപ്പെട്ടു. അതിരൂപതയുടെ ചരിത്രവും പൈതൃകവും പ്രവർത്തനവും വർത്തമാനകാലത്തിൽ നേരിടുന്ന പ്രതിസന്ധികളും നേരിട്ടറിയാൻ കഴിഞ്ഞത് തങ്ങളുടെ ഭാവിയിലെ ശുശ്രൂഷകൾക്ക് മുതൽകൂട്ടാണെന്ന് ഡീക്കന്മാർ അഭിപ്രായപ്പെട്ടു. ഒരാഴ്ചത്തെ ഡീക്കന്മാരുടെ പരിശീലനത്തിന് ശുശ്രൂഷ കോ-ഓർഡിനേറ്റർ ഫാ. ലോറൻസ് കുലാസ് നേതൃത്വം നല്കി.