തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് ആസ്ഥാനമായ ചെറുകിട സാറ്റലൈറ്റ് നിര്‍മ്മാണ കമ്പനിയായ ഹെക്‌സ്20, യുഎസ് ലോഞ്ച് പ്രൊവൈഡറായ സ്‌പേസ് എക്‌സ്‌പ്ലോറേഷന്‍ ടെക്‌നോളജീസ് കോര്‍പ്പറേഷനുമായി (സ്‌പേസ്എക്‌സ്) ചേര്‍ന്ന് തങ്ങളുടെ ആദ്യ ഉപഗ്രഹമായ ‘നിള’യുടെ വിക്ഷേപണത്തിന് മുന്നോടിയായി മേനംകുളം മരിയന്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഉപഗ്രഹ നിയന്ത്രണ കേന്ദ്രം തുറന്നു. സ്വകാര്യ മേഖലയില്‍ നിന്നുള്ള കേരളത്തിലെ ആദ്യത്തെ ഉപഗ്രഹമായ ‘നിള’ ട്രാന്‍സ്‌പോര്‍ട്ടര്‍-13 ദൗത്യത്തിലാണ് വിക്ഷേപിക്കുന്നത്. ഈ ദൗത്യത്തിലൂടെ ഹെക്‌സ്20 ഹോസ്റ്റഡ് പേലോഡ് സൊല്യൂഷനുകളുടെ തുടക്കം കുറിക്കും.
കേരളത്തിന്റെ സാംസ്‌കാരിക പ്രാധാന്യമുള്ള നദിയായ നിളയുടെ പേരാണ് ഈ ഉപഗ്രഹത്തിന് നല്‍കിയിരിക്കുന്നത്. ടെക്‌നോപാര്‍ക്കിലെ ‘നിള’ കെട്ടിടത്തിലാണ് ഹെക്‌സ്20യുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ടെക്‌നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.), കെസ്‌പേസ് സിഇഒ ജി. ലെവിന്‍, മരിയന്‍ എഞ്ചിനീയറിംഗ് കോളേജ് മാനേജര്‍ ഡോ. എ.ആര്‍ ജോണ്‍, മരിയന്‍ എഞ്ചിനീയറിംഗ് കോളേജിലെ ബര്‍സര്‍ ഫാ. ജിം കാര്‍വിന്‍ റോച്ച്, ഡീന്‍ ഡോ. സാംസണ്‍ എ, പ്രിന്‍സിപ്പല്‍ ഡോ. അബ്ദുള്‍ നിസാര്‍, ഹെക്‌സ്20 സഹസ്ഥാപകരും ഡയറക്ടര്‍മാരുമായ എം.ബി അരവിന്ദ്, അനുരാഗ് രഘു, ഹെക്‌സ്20 ജീവനക്കാര്‍ എന്നിവര്‍ ഉപഗ്രഹ നിയന്ത്രണ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.