തിരഞ്ഞെടുപ്പിലൂടെ ആദ്യമായി ഇടതുപക്ഷത്തെ അധികാരത്തിലേറ്റിയ, സാമൂഹിക സൂചികകളിൽ ഉന്നതമായ നേട്ടങ്ങൾ സ്വന്തമാക്കിയ കേരളത്തിൽ ഇത്തരമൊരു സമരമെന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വലിയ നാണക്കേടാണെന്ന് പറഞ്ഞുകൊണ്ട് സർക്കാർ നിലപാടിനെ കടന്നാക്രമിച്ച് അതിരൂപതാദ്ധ്യക്ഷൻ. വിഴിഞ്ഞത്ത് നടക്കുന്ന മത്സ്യത്തൊഴിലാളി സമരത്തിലെ റിലേ സത്യാഗ്രഹത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ തലസ്ഥാനത്താണ് അഭിമാനാർഹമായ നേട്ടങ്ങൾ കരസ്ഥമാക്കിയ നാട്ടിൽ, തൊഴിലാളി നിലാപാടെടുക്കേണ്ടിടത്താണ് ഏറ്റവും ദയനീയമായ അവസ്ഥയിലൂടെ തിരുവനന്തപുരം പ്രദേശത്തെ മത്സ്യ മേഖലയിലെ തൊഴിലാളികൾ മുന്നോട്ട് പോകുന്നതാണ് കേരളത്തിന്റെ പരിതാപകരമായ അവസ്ഥ. സത്യവും, നീതിയും കൈമുതലാക്കിയ, മനസ്സാക്ഷിയുള്ളവർ ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോഴും, ഭരണ രംഗത്തിരിക്കുന്നതിൽ ചിലരെങ്കിലും ഈ സമരത്തെ കണ്ടില്ലെന്ന് നടിക്കുന്നത് അംഗീകരിക്കാനാവില്ല. ഈ പോർട്ട് നിർമ്മാണത്തിന്റെ ഭാഗമായി ദുരിതമനുഭവിക്കുന്നവർ പോലും സമരത്തിൽ പങ്കെടുക്കുന്നതിനെതിരെ തിട്ടൂരം നൽകിയ പാർട്ടി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപചയമാണ് കാണിക്കുന്നത്. അദാനി പോർട്ടിന്റെ മുതലാളിയുമായി കൈകോർത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവിഹിതമായ പദ്ധതികളാണ് രഹസ്യമായി അണിയറയിൽ രൂപം നൽകുന്നതെന്ന് വിശ്വസിനീയമായ വ്യക്തികൾ സൂചിപ്പിച്ചിട്ടുണ്ട്. ആവശ്യങ്ങളെ അനുഭാവപൂർവ്വം പരിഗണിച്ചു എന്ന് സെക്രട്ടറിയേറ്റിൽ നൽകിയ മറുപടിയും, അയ്യായിരം രൂപാ മത്സ്യത്തൊഴിലാളിക്ക് നൽകുന്ന പരിപാടിയും മത്സ്യത്തൊഴിലാളികളുടെ കണ്ണിൽ പൊടിയിടുന്ന രീതിയാണ് . ഈ പൈസ മത്സ്യത്തൊഴിലാളിക്ക് വേണ്ടെന്നും ശക്തമായ ഭാഷയിൽ അദ്ദേഹം ഓർമ്മിപ്പിച്ചു.
ഈ സമരത്തിന് വരും തലമുറയ്ക്കും കൂടെ അവകാശപ്പെട്ട ഈ തീരം സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം അതുകൊണ്ടുതന്നെ സമരത്തിന്റെ കാരണം അംഗീകരിച്ചുതരാൻ മനസ്സില്ലാത്തവർക്കുമുന്നിൽ ഈ സമരം ഇനിയും നീണ്ടു പോകും. കേരളത്തിലെ ധാർമ്മികബോധമുള്ള എല്ലാവരും ഈ സമരത്തിന് പിന്തുണക്കുമെന്നതിൽ സംശയമില്ലെന്നും നെറ്റോ പിതാവ് പറഞ്ഞു.