സൂസപാക്യം പിതാവിനൊപ്പം നിന്ന് വർഷങ്ങളായി മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ അധികാരികളുടെ മുൻപിലുണർത്തിച്ചതിന്റെ ഒരു നീണ്ട കാലത്തെ ചരിത്രത്തിന് ഞാനും സാക്ഷിയാണ്, ഇനിയും നമ്മെ തീരത്ത് നിന്നും പൂർണ്ണമായും പറിച്ചെറിയാം എന്ന വ്യാമോഹം വേണ്ടെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ച് തിരുവനന്തപുരം അതിരൂപതാധ്യക്ഷൻ തോമസ് നെറ്റോ പിതാവ്. ഓഫീസ് മുറികളിലിരുന്നെടുക്കുന്ന, പുലിമുട്ട് നിർമ്മാണതീരുമാനം തമാശ പോലെയാണനുഭവപ്പെടുന്നത്. പ്രശ്നപരിഹാരത്തിനാദ്യം തീരത്തിറങ്ങി വന്ന് തീരദേശത്ത്കൂടെ നേതാക്കൾ നടക്കണമെന്നും, പ്രശ്നപരിഹാരത്തിന് പരിചരിക്കുന്നവരോടൊപ്പമല്ല നമ്മുടെ എം. പി. മാർ നിൽക്കേണ്ടതെന്നും ശക്തമായ ഭാഷയിൽ തന്നെ അദ്ദേഹം ഓർമ്മിപ്പിച്ചു. പക്ഷേ ആരും ഞങ്ങളെ ഈ തീരപ്രദേശത്തിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് പഠിപ്പിക്കേണ്ട ആവശ്യമില്ലെന്നും, കാരണം എല്ലാ ദിവസവും മത്സ്യത്തൊഴിലാളികളീ പരാതി പറയാനെത്തുന്നത് ഞങ്ങൾ വൈദീകരുടെ മേടകളിലാണെന്നത് മറക്കേണ്ട.
പരിഹാരം നൽകാൻ കഴിവുള്ളവർക്കുമുൻപിൽ ചർച്ചചെയ്യാൻ തയ്യാറാണെന്നും കാര്യത്തിന്റെ ഗൗരവം മുഖ്യമന്ത്രി മനസ്സിലാക്കിയെന്നു കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തീരദേശവാസികളുടെ വാക്കു കേൾക്കാതെ മുന്നോട്ട് പോയ നിർമ്മാണ പ്രവർത്തനങ്ങളുടെ തുടക്കത്തിൽ തന്നെ ഇക്കാര്യം തീരദേശത്തിനാപത്താണെന്ന് ജനങ്ങളും അതിരൂപതാധികാരികളും സംശയമൊന്നുമില്ലാതെ വ്യക്തമാക്കിയതാണെന്നും, അന്ന് ഈ സമൂഹം വികസനത്തിനെതിരെന്ന മട്ടിൽ സംഘടിതമായ ആക്രമണമുണ്ടായെന്നും അന്നത്തെ പത്രവാർത്തകൾ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇതൊരു ഗത്യന്തരമില്ലാതെ ആരംഭിച്ച സമരമാണ്. ഭാവി തലമുറയ്ക്ക് വേണ്ടിയിത്രയെങ്കിലും ചെയ്തില്ലെങ്കിൽ ഇവിടം ചരിത്രാവശിഷ്ടം മാത്രമാകുമെന്നും അത്കൊണ്ട് മാസങ്ങൾ തന്നെ നീളാവുന്ന ഈ സമരത്തിലേക്ക് ഞങ്ങൾ പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.