ബെനഡിക്ട് 16- മൻ പാപ്പയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് തിരുവനന്തപുരം അതിരൂപതയും. 5- ആം തിയ്യതി വൈകുന്നേരം 5:30 ന് പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ നടന്ന അനുസ്മരണ ദിവ്യബലിയിൽ അതിരൂപത മെത്രാപോലീത്ത ഡോ. തോമസ് ജെ നേറ്റോ മുഖ്യകാർമ്മികനായി. സഭയ്ക്ക് ലഭിച്ച വലിയ സമ്മാനങ്ങളിൽ ഒന്നാണ് ബെനഡിക്ട് പതിനാറാമൻ പാപ്പയെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ അറിഞ്ഞിട്ടുള്ളവരും അദ്ദേഹത്തെ വായിച്ചിട്ടുള്ളവരും തികഞ്ഞ ആദരവോടെയാണ് അദ്ദേഹത്തെ സമീപിക്കുക.
1995 മുതൽ 99 വരെ തന്റെ ഉപരിപഠനത്തിനായി ഉർബാനിയ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലഘട്ടത്തിലെ പാപ്പയെകുറിച്ചുള്ള ഓർമ്മകളും അദ്ദേഹം പങ്കുവച്ചു. 1962 മുതൽ 65 വരെ നീണ്ടുനിന്ന വത്തിക്കാൻ കൗൺസിലിൽ കേവലം 35 വയസ്സു മാത്രം പ്രായമുള്ള ജോസഫ് റാറ്റ്സിംഗർ പങ്കെടുത്തതും, തന്റെ 32ആം വയസ്സിൽ തന്നെ ദൈവശാസ്ത്ര പണ്ഡിതനായി അറിയപ്പെട്ടതും നെറ്റോ പിതാവ് ചൂണ്ടിക്കാട്ടി. അദ്ദേഹം വിശ്വാസത്തിന്റെ ധീര പോരാളിയായി, ആധുനിക കാലഘട്ടത്തിൽ ക്രിസ്തു കേന്ദ്രീകൃതമായ ധാർമ്മികത സഭയ്ക്ക് നൽകി.
വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി സഭയെ പരമ്പരാഗത വിശ്വാസ മൂല്യങ്ങളിൽ നിന്നും വ്യതിചലിക്കാൻ അനുവദിക്കാതെ കാത്തു. അതേസമയം മാറിവരുന്ന ലോക സാഹചര്യങ്ങളോട് പ്രായോഗികമായി പ്രതികരിക്കാതിരിക്കാൻ ആവില്ല എന്നും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. വിശ്വാസ ജീവിതത്തിൽ തകർച്ചകൾക്ക് സാധ്യതയുള്ള സങ്കീർണ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും അവയോട് സാർത്ഥകമായി പ്രതികരിക്കാനും പിതാവിന് സാധിച്ചിരുന്നു.
യുവാക്കളെ അഭിസംബോധന ചെയ്യാൻ ട്വിറ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് വത്തിക്കാന്റെ പ്രവർത്തനശൈലിയിൽ മാറ്റങ്ങൾ സൃഷ്ടിക്കുവാനും അദ്ദേഹത്തിന് സാധിച്ചു. പുതിയ കാലത്തിന്റെ മാധ്യമം സോഷ്യൽ മീഡിയ ആണെന്നും, യുവതി യുവാക്കൾ അത് വിവേചന ബുദ്ധിയോടുകൂടി ഉപയോഗിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തിരുന്നു. അതേസമയം ദൈവ ബോധവും മൂല്യബോധവും ഇല്ലാത്ത സാങ്കേതിക പുരോഗതി ലോകത്തിന് ഭീഷണിയാണെന്നും ബെനഡിക് പാപ്പാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സഭകളുടെ ഐക്യത്തിന് അക്ഷീണം പരിശ്രമിച്ച ബനഡിക്ട് പതിനാറാമൻ പാപ്പ വിവിധ ക്രിസ്തീയ സമൂഹങ്ങളെ അംഗീകരിക്കാനും ആദരിക്കാനും പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു.
ശരിയായ പ്രാർത്ഥന ജീവിതമാണ് ആദ്ധ്യാത്മികതയുടെ അടിസ്ഥാനം എന്ന് പാപ്പയുടെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. പ്രാർത്ഥനയില്ലാത്ത സഭകളുടെയും വ്യക്തികളുടെയും ദിശ മാത്രമല്ല ജീവന്റെ ഉറവിടം തന്നെ നഷ്ടപ്പെടും എന്ന് പാപ്പ ഓർമിപ്പിച്ചു. പിതാവിന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു. ദൈവവുമായി ബന്ധമില്ലാതായാൽ ഭ്രമണപഥം നഷ്ടപ്പെട്ട ഉപഗ്രഹങ്ങളെ പോലെയാണ്. ശൂന്യതയിലേക്ക് പതിക്കുകയും, അവ സ്വയം നശിക്കുകയും മാത്രമല്ല മറ്റുള്ളവർക്ക് കൂടി ഭീഷണിയായി തീരുകയും ചെയ്യുന്നു.
അദ്ദേഹത്തെ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ബസിലിക്കയിലെ ബാൽക്കണിയിൽ നിന്ന് നഗരത്തിനും ലോകത്തിനുമുള്ള സന്ദേശം പറഞ്ഞ് അവസാനിപ്പിച്ചത് ഇപ്രകാരമായിരുന്നു. പ്രാർത്ഥനയിൽ ആണ് എന്റെ ആശ്രയം ദൈവത്തിന്റെ മുന്തിരിത്തോപ്പിലെ എളിയ ദാസനാണ് ഞാൻ എന്നായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച ജീവൻ വെടിയുന്ന അവസരത്തിൽ പരിശുദ്ധ പിതാവ് അവസാനമായി പറഞ്ഞ വാക്കുകൾ “കർത്താവേ അങ്ങയെ ഞാൻ സ്നേഹിക്കുന്നു” എന്നായിരുന്നു. ദൈവത്തിൽ വിശ്വസിച്ച, പ്രാർത്ഥനയിൽ സർവ്വ പ്രത്യാശയും അർപ്പിച്ച, ദൈവസ്നേഹത്തിൽ വിലയം പ്രാപിച്ച ധന്യജീവിതമാണ് പാപ്പയുടെതെന്ന് അദ്ദേഹം പറഞ്ഞു.
അനുസ്മരണ ദിവ്യബലിയിൽ അതിരൂപതയിലെ വൈദീകരും, സന്യസ്ഥരും, അൽമായരും പങ്കെടുത്തു. ബെനഡിക്ട് 16- മൻ പാപ്പയുടെ മൃതസംസ്ക്കാര ദിനത്തിൽ അതിരൂപതയിലെ ദേവാലയങ്ങളിലും കപ്പേളകളിലും പാപ്പയ്ക്കുവേണ്ടി ദിവ്യബലിയും പ്രത്യേക പ്രാർത്ഥനകളും അർപ്പിക്കപ്പെട്ടു.