കോവളം: പക്ഷംചേർന്ന് മനുഷ്യൻ മനുഷ്യനെ കൊന്നൊടുക്കുകയും ജനതകളെ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന യുദ്ധം അസ്തമിച്ച് സമാധാനം പുലരട്ടേയെന്ന പ്രാർത്ഥനയോടെ ഒരു ദിനമാചരിച്ച് ആഴാകുളം ക്രിസ്തുരാജ ദൈവാലയം. ഇന്ന് ദൈവാലയത്തിലർപ്പിച്ച ദിവ്യബലിയിൽ സമാധാനത്തിന് വേണ്ടിയുള്ള പ്രാർത്ഥനകളാണ് മുഴങ്ങിയത്. ഒപ്പം യുദ്ധത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന മരചില്ലയും ദൈവാലയത്തിൽ പ്രദർശിപ്പിച്ചു. അതിൽ യുദ്ധ വിരുദ്ധ മുദ്രാവാക്യങ്ങളും മഹദ് വചനങ്ങളും രേഖപ്പെടുത്തിയിരുന്നു. ഒരു ഭാഗത്ത് പ്രത്യേകമായി ക്രമീകരിച്ച ചിരാതുകളിൽ സമാധാനത്തിന്റെ കിരണങ്ങൾ വിടരട്ടെയെന്ന പ്രാർത്ഥനയോടെ ജനങ്ങൾ ദീപങ്ങൾ തെളിച്ചുകൊണ്ടാണ് ദിവ്യബലി ആരംഭിച്ചത്.
ഇന്നത്തെ വചന വിചിന്തനത്തിൽ യുദ്ധം മനുഷ്യന് വരുത്തുന്ന വിനാശത്തെക്കുറിച്ചും വിഭജനത്തിന്റെ വിള്ളലുകൾ മനുഷ്യന്, പ്രത്യേകിച്ച് കുഞ്ഞുങ്ങൾക്കുണ്ടാക്കുന്ന മുറിവുകളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളായിരുന്നു. സമാധാന രാജാവായ ക്രിസ്തുവിനോട് ലോകത്ത് സമാധാനം പുലരാനുള്ള പ്രാർത്ഥനകൾ വിശ്വാസികളർപ്പിച്ചു.
ദിവ്യബലിക്ക് ശേഷം ലോകത്തിന് സുഖം പകരാൻ യാചിക്കുന്ന പ്രാർത്ഥനാഗാനത്തിന്റെ അകമ്പടിയോടെ ഇടവക വികാരിയും വിശ്വാസ സമൂഹവും പൂക്കളർപ്പിച്ചുകൊണ്ട് യുദ്ധത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികളുർപ്പിച്ചു. ദൈവാലയത്തിന് പുറത്ത് ക്രമീകരിച്ചിരുന്ന ഫ്രാൻസിസ്സ് പാപ്പയുടെ യുദ്ധ വിരുദ്ധ സന്ദേശം അലേഖനം ചെയ്ത വെള്ളതുണിയിൽ കൈയ്യൊപ്പുകളിട്ടും കൈപ്പത്തികൾ പതിപ്പിച്ചും ദുരിതബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറുന്ന യുദ്ധങ്ങൾക്കെതിരെ പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ദിനാചരണം നടത്തണമെന്ന് ഫ്രാൻസിസ് പാപ്പയും അതിരൂപത മെത്രാപൊലീത്ത തോമസ് ജെ. നെറ്റോ പിതാവും ഇതിനകംതന്നെ പ്രഖ്യാപിച്ചിരുന്നു. ആഴാകുളം ഇടവകയിൽ ഫാ. യൂജിൻ ബ്രിട്ടോയുടെ നേതൃത്തിൽ ഇടവക കൗൺസിലിന്റെയും യുവജന സമിതിയുടെയും ആഭിമുഖ്യത്തിലാണ് വളരെ അർത്ഥപൂർണ്ണവും മാതൃകാപരവുമായ സമാധാനത്തിനായുള്ള ഈ പ്രാർത്ഥനാ ദിനാചരണം നടന്നത്.