അതിരൂപതയുടെ അനുഗ്രഹ ഭവൻ ധ്യാനകേന്ദ്രത്തിൽ ആഴ്ചതോറും ഓൺലൈനായി ‘അഗാപ്പെ’ പ്രാർത്ഥന കൂട്ടായ്മയും, മറ്റു ഓൺലൈൻ പ്രാർഥനാ ശുശ്രുഷകളുമായി മുന്നോട്ട്. കോവിഡ് കാലഘട്ടത്തിന്റെ ആരംഭത്തിൽ ദിവ്യബലിയും മറ്റു പ്രാർത്ഥന കൂട്ടായ്മകളും സാധിക്കാതെ വന്നപ്പോൾ വിശ്വാസികളുടെ ആവശ്യപ്രകാരമാണ് കഴിഞ്ഞ മാർച്ച് മാസം മുതൽ ‘അഗാപ്പെ’ ഓൺലൈൻ പ്രാർത്ഥന കൂട്ടായിമ എന്ന ആശയം ഉടലെടുത്തത്. കേരളത്തിനകത്തും പുറത്തുമുള്ള വൈദികരെയും സന്യസ്തരയും സംയോജിപ്പിച്ചുകൊണ്ടുള്ള പ്ലെയർ മീറ്റുകൾ എല്ലാ ഞായറാഴ്ചകളിലുമാണ് ഓൺലൈനായി സംഘടിപ്പിക്കുന്നത്. ഇതര മതസ്ഥരും ഞായറാഴ്ചകളിലെ ഓൺലൈൻ മീറ്റിൽ പങ്കെടുക്കുന്നുണ്ട്. കരുണക്കൊന്ത, ജപമാല എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന വാട്സപ്പ് ഗ്രൂപ്പുകളും ഈ കൂട്ടായ്മയുടെ കീഴിൽ പ്രവർത്തിച്ചുവരുന്നു.
ശനിയാഴ്ചകളിൽ പ്രാർത്ഥന നിയോഗങ്ങളോടെ പ്രത്യേക പ്രാർത്ഥന കൂട്ടായ്മയും നടത്തി വരുന്നു. അനുഗ്രഹ ഭവൻ ഡയറക്ടർ വെരി റെവ. മോൺ. ജോർജ് പോൾ ആണ് പ്രാർത്ഥന കൂട്ടായ്മയുടെ ആത്മീയനിയന്താവ്. ഫാ. നിഷാൻ നിക്കോളസാണ് പ്രാർത്ഥന കൂട്ടായ്മ നയിക്കുന്നത്. ബ്ര. റൂബിൻ റൂസ്സോയാണ് ഓൺലൈൻ മീറ്റിംഗ് ആവശ്യമായ സാങ്കേതിക സഹായങ്ങൾ ചെയ്യുന്നത്. എല്ലാ ദിവസവും പ്രഭാത ആരാധനയും, ദിവ്യബലിയും അനുഗ്രഹഭവൻ യൂട്യൂബ് ചാനലിലൂടെ തത്സമയ സംപ്രേക്ഷണവും ചെയ്തു വരുന്നു. കൂടാതെ എല്ലാ മാസവും ഇ-മാഗസിൻ പുറത്തിറക്കാൻ ഉള്ള തയാറെടുപ്പിലാണെന്നും അധികാരികൾ അറിയിച്ചു.