– TMC Reporter –
തിരുവനന്തപുരത്തു നിന്നും മന്ത്രിയായി ശ്രീ. ആന്‍റണി രാജു എത്തുന്നതോടെ, ജനങ്ങള്‍ക്ക് ഇത് അഭിമാന നിമിഷം.
1954ൽ പൂന്തുറ ഇടവകയിൽ ലൂർദമ്മയുടെയും മകനായി ജനിച്ച രാജു, പൂന്തുറ സെന്റ് തോമസ് സ്‌കൂൾ, കളമശേരി രാജഗിരി സ്‌കൂൾ എന്നിവിടങ്ങളിൽ സ്‌കൂൾ പഠനം പൂർത്തിയാക്കി. തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിൽ പ്രീഡിഗ്രിയും നാലാഞ്ചിറ മാർ ഇവാനിയോസിൽ നിന്ന് ബിരുദവും നേടിയ ശേഷം ലോ കോളേജിൽ നിന്നും നിയമബിരുദം നേടി.
നിയമപഠനത്തിനിടയിലെ ജനസമ്പർക്കവും അഭിഭാഷകർക്കിടയിലെ സൽപ്പേരും രാഷ്ട്രീയ പ്രവർത്തനത്തിൽ ജനപിന്തുണ നേടുവാൻ മുതൽക്കൂട്ടായി. 1991ൽ അന്നത്തെ തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തിൽ എം എം ഹസ്സന് എതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1996ൽ അതേ എതിരാളിയോട് വിജയം. 2001ൽ എം. വി. രാഘവനോട് പരാജയപെട്ടു. 2016ൽ വി. എസ്. ശിവകുമാറിനോട് പരാജയപ്പെട്ടു.
സഹപ്രവർത്തകർ മുന്നണികൾ മാറിയിട്ടും കേരള കോൺഗ്രസ് അംഗമെന്ന നിലയിൽ രാഷ്ട്രീയ പ്രവർത്തനം തുടർന്ന അദ്ദേഹം ജനാധിപത്യ കേരള കോൺഗ്രസ് സ്‌ഥാനാർഥിയായിട്ടാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തിൽ നിന്ന് ഏഴായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചതോടെ ചരിത്ര വിജയമാണ് നേടിയത്.
വർഷങ്ങളായുള്ള തന്റെ പൊതുപ്രവർത്തനത്തിൽ അപ്രതീക്ഷിതമായി ലഭിച്ച സ്‌ഥാനലബ്ധി ദൈവാനുഗ്രഹമായി കരുതുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിയുക്ത എംഎൽഎ എന്ന നിലയിലും കടലാക്രമണ ഭീഷണി നേരിടുന്ന തീരദേശങ്ങൾ സന്ദർശിക്കുകയും തീരദേശത്തെ ജനങ്ങളുടെ വാസസ്‌ഥലങ്ങൾ സംബന്ധിച്ച പ്രശ്നങ്ങൾക്ക് അർഹമായ പരിഗണന നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആന്റണി രാജുവിലൂടെ തലസ്‌ഥാനത്തിന് മാത്രമല്ല തീരദേശത്തിനും കൂടി ഒരു പ്രതിനിധിയെ മന്ത്രിസഭയിൽ ലഭിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. കോവളം എംഎൽഎ എം. വിന്സെന്റ്, അരുവിക്കര എംഎൽഎ ജി. സ്റ്റീഫൻ എന്നിവർക്കൊപ്പം നിയമസഭയിൽ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ലത്തീൻ പ്രാതിനിധ്യമാണ് ആന്റണി രാജു.
കേരള കോൺഗ്രസ് നേതാവായ രാജുവിന്റെ പത്നി ഗ്രേസി പാർട്ടിയുടെ പ്രഭവകേന്ദ്രമായ കോട്ടയത്തെ കുറവിലങ്ങാട് സ്വദേശിയാണ്. മക്കൾ – ഡോ. റോഷ്‌നി, റോഹൻ (മെഡിക്കൽ വിദ്യാർഥി).