ജപ്പാനിൽ നടക്കുന്ന ഒളിംപിക്സിൽ ഭാഗ്യമുണ്ടെങ്കിൽ തിരുവനന്തപുരം അതിരൂപതാംഗമായ അലക്സ് ആന്റണി റിലേയിൽ ബാറ്റണുമായി കുതിക്കും, അതു ചരിത്രമാവുകയും ചെയ്യും. തിരുവനന്തപുരത്തെ തീരദേശ ഗ്രാമമായ പുല്ലുവിളയിൽ നിന്നാണ് അലക്സ് ആന്റണി വരുന്നത്. പുല്ലുവിളയിലെ തന്നെ ലിയോ തേർട്ടീൻത് സ്കൂളിൽ പഠിച്ച് തീരദേശത്തെ പ്രാഥമിക കായിക വിനോദങ്ങളായ ഫുട്ബോളിലും, വോളിബോളിലുമൊക്കെ പയറ്റിവളർന്നു. ഫുട്ബോളിൽ ജൂനിയർ തലത്തിൽ 2 വർഷം തിരുവനന്തപുരം ജില്ല ടീമിനുവേണ്ടിയും, വോളിബോളിൽ നെയ്യാറ്റിൻകര സബ് ജില്ലയ്ക്കായും കളിച്ചിട്ടുണ്ട്.
കാഞ്ഞിരംകുളം പി.കെ.എസ്.എച്.എസ്.എസിൽ ഹയർ സെക്കൺഡറി വിദ്യാഭ്യാസത്തിനെത്തുന്നതോടെയാണ് അലക്സിലെ അത്ലിറ്റിന്റെ കായികക്ഷമത ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡ് വേദികൾ കണ്ടുതുടങ്ങുന്നത്. ചിട്ടയായ പരിശീലനവും, നിശ്ചയദാർഢ്യവും ഒന്നുചേർന്നപ്പോൾ വൈകിയാണെങ്കിലും നേട്ടങ്ങളും പിന്നാലെയെത്തിതുടങ്ങി. 20 വയസ്സിന് താഴെയുള്ളവരുടെ നാഷണൽ ചാമ്പ്യൻഷിപ്പിലൂടെ ഇന്ത്യൻ അത്ലറ്റിക്സിൽ അലക്സ് തന്റെ സാന്നിദ്ധ്യമറിയിച്ചു. 2013 ൽ നടന്ന നാഷണൽ ജൂനിയർ അത്റ്റിക്സ് മീറ്റിൽ 400 മീറ്ററിൽ വെങ്കലവും, 4 x 400 മീറ്ററിൽ സ്വർണ്ണവുമാണ് അന്ന് നേടിയത്. അതേവർഷം തന്നെ പാട്യാലയിൽ വച്ച് നടന്ന അഖിലേന്ത്യ അന്തർ സർവ്വകലാശാലാ മീറ്റിൽ 400 മീറ്ററിൽ സ്വർണ്ണം നേടിയ അലക്സ് 2018, 2019 വർഷങ്ങളിലെ ഓപ്പൺ നാഷണൽ ചാമ്പ്യൻഷിപ്പിലും ഇതേ ഇനത്തിൽ തന്റെ സ്വർണ്ണ നേട്ടം തുടർന്നു. അതോടെ 400 മീറ്ററിലെ ദേശീയ നിലവാരത്തിലുള്ള അത്ലറ്റായി അലക്സ് മാറിയിരുന്നു. 2019 ൽ ഖത്തറിലെ ദോഹയിൽ വച്ച് നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും, ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ച് 400 മീറ്ററിൽ പങ്കെടുത്തിട്ടുണ്ട്. കൂടാതെ 2019 ൽ ജപ്പാൻ യോക്കോഹാമയിൽ നടന്ന ലോക റിലേ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ മിക്സഡ് റിലേ ടീമിനായി 4 x 400 മീറ്ററിൽ ശ്രദ്ധേയമായ പ്രകടനമാണ് അലക്സ് നടത്തിയത്. 2014 ൽ ഗോവയിൽ നടന്ന ലൂസോഫൂനിയ ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ 4 x 400 മീറ്റർ റിലേയിൽ വെങ്കല മെഡൽ കരസ്ഥമാക്കിയതോടെ ദേശീയ ടീമിൽ തന്റെ സ്ഥാനമുറപ്പിച്ചിരുന്നു.
തിരുവനന്തപുരം രൂപതയിലെ പുല്ലുവിള ഇടവകയിലെ മത്സ്യത്തൊഴിലാളിയായ ആന്റണിയുടേയും സർജിയൂടേയും മൂത്ത മകനാണ് അലക്സ് ആന്റണി. രണ്ടു സഹോദരങ്ങൾ ആണ് ഉള്ളത്, അനിലും സഹോദരി അനീഷയും. തിരുവനന്തപുരം തീരദേശ മേഖലയിൽ നിന്നുള്ള ഒളിംപിക്സിൽ പങ്കെടുക്കുന്ന ആദ്യ താരമാവും ശ്രീ. അലക്സ് ആന്റണി. ചെമ്പഴന്തി എസ്. എൻ. കോളേജിലെ ഡിഗ്രി വിദ്യാഭ്യാസ കാലത്തുതന്നെ അലക്സിലെ അത്ലറ്റിക് മികവ് മനസ്സിലാക്കിയ ഇന്ത്യൻ എയർഫോഴ്സ്, 2014 ൽ അദ്ദേഹത്തെ തിരുവനന്തപുരം ശംഖുമുഖം വിങ്ങിൽ നിയമിച്ചു. അന്നുമുതൽ എയർ ഫോഴ്സിലെ ഉദ്യോഗസ്ഥനാണ്.
മികച്ച സ്ട്രൈഡ് ലെങ്തും അഴകാർന്ന റണ്ണിംഗ് സ്റ്റൈലുമാണ് ശ്രീ. അലക്സ് ആന്റണിയുടെ പ്ളസ്സ് പോയിന്റുകളെന്നാണ് തിരുവനന്തപുരം ലിഫാ ഫുട്ബോൾ അക്കാഡമിയുടെ ഹെഡ് കോച്ചായ ക്ളെയോഫാസ് പറയുന്നത്.