പുല്ലുവിള: പുല്ലുവിള ഫൊറോന മതബോധന സമിതിയുടെ നേതൃത്വത്തിൽ മെയ് 11 ശനിയാഴ്ച ഫൊറോനയിലെ മതാധ്യാപകരുടെ ശാക്തീകരണം ലക്ഷ്യംവച്ച് ശില്പശാല സംഘടിപ്പിച്ചു. പുല്ലുവിള ലിയോ തേർട്ടീന്ത് ഹയർസെക്കന്ററി സ്കൂളിൽ വച്ചു നടന്ന ശില്പശാല ഫൊറോന വികാരി റവ. ഫാ. സിൽവസ്റ്റർ കുരിശ് ഉദ്ഘാടനം ചെയ്തു. മതാധ്യാപകർ വിശ്വാസ പരിശീലനം നൽകുമ്പോൾ സിലബസിലെ പാഠ്യഭാഗങ്ങൾക്കൊപ്പം പ്രാർത്ഥനയ്ക്കും പ്രാധാന്യം നൽകണമെന്നും, അതുവഴി പ്രാർത്ഥനയിൽ ആശ്രയിക്കുന്ന ഒരു തലമുറ രൂപപ്പെടണമെന്നും തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
യുവജനങ്ങൾ മതാധ്യാപകരാകാൻ മുന്നോട്ട് വരണമെന്നും ഒപ്പം മതാധ്യാപകർ മാതൃകാപരമായ ജീവിതം നയിക്കുന്നതിൽ ശ്രദ്ധനൽകണമെന്നും സമ്മേളനത്തിന്റെ അധ്യക്ഷത വഹിച്ച ഫൊറോന മതബോധന ഡയറക്ടർ ഫാ. ഗ്ലാഡിൻ അലക്സ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. പുല്ലുവിള ഇടവക വികാരി ഫാ. ആന്റണി എസ്. ബി. ആശംസകളർപ്പിച്ച് സംസാരിച്ചു. ശില്പശാലയിൽ പങ്കെടുത്ത 275 അധ്യാപകരെ ക്ലാസടിസ്ഥാനത്തിൽ ഗ്രൂപ്പുകളാക്കി അതിരൂപത റിസ്സോഴ്സ് ടീം പുസ്തക പരിചയം നടത്തി. രൂപത ആനിമേറ്റർ ശ്രീമതി മേരി ത്രേസ്യ മൊറായിസ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.